ഗൾഫ് രാജ്യങ്ങളിൽ നിയമകുരുക്കില്‍പ്പെട്ട് കഴിയുന്ന പ്രവാസികളെ ഇവര്‍ സഹായിക്കും; നിബന്ധനകള്‍ ഇവയാണ്
ഗുരുതരമല്ലാത്ത ചെറിയ കേസുകളിൽപ്പെട്ട് നിയമസഹായം ലഭിക്കാതെ ഗൾഫ് രാജ്യങ്ങളിലെ വിവിധ ജയിലുകളിൽ കഴിയുന്ന പ്രവാസി കേരളീയർക്കാണ് സെല്ലിന്റെ സഹായം ലഭിക്കുന്നത്

ഗൾഫ് രാജ്യങ്ങളിൽ നിയമകുരുക്കില്‍പ്പെട്ട് കഴിയുന്ന പ്രവാസികളെ സഹായിക്കാന്‍ ആളുണ്ട്. കേരളീയ പ്രവാസി കാര്യ വകുപ്പായ നോർക്ക റൂട്ട്സാണ് സഹായത്തിനായെത്തുന്നത്. അതും സൗജന്യ നിയമ സഹായം. പ്രവാസി മലയാളികളുടെ നിയമ സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നോർക്കയുടെ പ്രവാസി നിയമസഹായ സെൽ യുഎഇ, ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ എന്നീ അഞ്ച് ഗൾഫ് രാജ്യങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. പ്രവാസി മലയാളികൾക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കാൻ ഈ അഞ്ച് ഗൾഫ് രാജ്യങ്ങളിലായി 10 നോർക്ക ലീഗൽ കൺസൽറ്റന്റുമാരെയാണ് നിയമിച്ചിരിക്കുന്നത്. 2019ലാണ് ലീഗൽ സെല്ലിന് തുടക്കമിട്ടത്.
ഗുരുതരമല്ലാത്ത ചെറിയ കേസുകളിൽപ്പെട്ട് നിയമസഹായം ലഭിക്കാതെ ഗൾഫ് രാജ്യങ്ങളിലെ വിവിധ ജയിലുകളിൽ കഴിയുന്ന പ്രവാസി കേരളീയർക്കാണ് സെല്ലിന്റെ സഹായം ലഭിക്കുന്നത്. നിയമോപദേശം, കോടതികളിൽ നഷ്ടപരിഹാരം അല്ലെങ്കിൽ ദയാ ഹർജി നൽകാൻ സഹായിക്കുക, നിയമബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, കേസുകളുടെ ആവശ്യങ്ങൾക്കായി വിവിധ ഭാഷകളിൽ തർജ്ജിമ ചെയ്യാനായി വിദഗ്ധരുടെ സഹായം ലഭ്യമാക്കുക എന്നിവയിലാണ് സെല്‍ പ്രവര്‍ത്തിക്കുക. വിദേശത്ത് തൊഴിൽ, വിസിറ്റ് വിസയിൽ പോയി നിസാരമായ കേസുകളിൽ അകപ്പെട്ടവർക്ക് സഹായം തേടാം. ഗുരുതരമായ കുറ്റത്തിന് ഗൾഫ് രാജ്യങ്ങളിലെ കോടതികൾ വിധിക്കുന്ന ദിയാധനം, ആസ്തികൾ കണ്ടുകെട്ടൽ എന്നീ കേസുകൾക്കും സാമ്പത്തിക ബാധ്യതകൾ, റിക്കവറി എന്നിവയ്ക്കും സെല്ലിന്റെ സഹായം ലഭിക്കില്ല.
സ്വന്തം കുറ്റംകൊണ്ടല്ലാതെ നിയമപ്രശ്നങ്ങൾ നേരിടേണ്ടി വരികയും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്ന പ്രവാസി മലയാളികൾക്ക് മാത്രമേ സെല്ലിന്റെ സഹായം ലഭിക്കൂ. കുറഞ്ഞത് ഒരു വർഷം ഗൾഫിൽ ജോലി ചെയ്തവർ ആയിരിക്കണം നിയമസഹായം തേടേണ്ടത്. കേസുമായി ബന്ധപ്പെട്ടുള്ള അറബിക് ഭാഷയിലെ എല്ലാ രേഖകളുടെയും തർജ്ജിമ അപേക്ഷകർ സെല്ലിന് സമർപ്പിക്കണം. പ്രവാസി നിയമ സഹായ സെല്ലിന്റെ സഹായം ആവശ്യമായവർ പൂരിപ്പിച്ച അപേക്ഷയും കേസുമായി ബന്ധപ്പെട്ട രേഖകളും സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, നോർക്ക റൂട്ട്സ്, മൂന്നാം നില, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം, 695014 എന്ന വിലാസത്തിൽ തപാലിലോ അല്ലെങ്കിൽ [email protected] എന്ന ഇ മെയിൽ വിലാസത്തിലോ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2770554 എന്ന നമ്പറിൽ ബന്ധപ്പെടാം.
What's Your Reaction?






