ആരോ പരാതി നല്‍കിയതിനാല്‍ മത്സരിക്കാനുള്ള അവസരം നഷ്ടമായി ; പിന്നിലുള്ള ആളെ അറിയാം, കെ സുധാകരന്‍

Mar 22, 2026 - 13:14
Mar 22, 2026 - 13:14
 0
ആരോ പരാതി നല്‍കിയതിനാല്‍ മത്സരിക്കാനുള്ള അവസരം നഷ്ടമായി ; പിന്നിലുള്ള ആളെ അറിയാം, കെ സുധാകരന്‍

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്ന് കണ്ണൂർ എംപി കെ. സുധാകരൻ. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മത്സരിക്കാനുള്ള താൽപര്യം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോടും രാഹുൽ ഗാന്ധിയോടും പറഞ്ഞിരുന്നു. അവർ സമ്മതം തരികയുംചെയ്തു. എന്നാൽ, ആരൊക്കെയോ പരാതി കൊടുത്തു. ആ പരാതിയുടെ പുറത്താണ് മത്സരിക്കാൻ തടസ്സമുണ്ടായത്. അതിന് പിറകിലുള്ള ആളെ അറിയാം. പക്ഷേ, അത് പരസ്യമായി പറയുന്നില്ല, സുധാകരൻ പറഞ്ഞു.

സ്വതന്ത്രനായി മത്സരിക്കും, 15 മണ്ഡലത്തിൽ സ്ഥാനാർഥികളെ നിർത്തും തുടങ്ങിയ വാർത്തകൾ ആരാണുണ്ടാക്കിയതെന്ന് അറിയില്ലെന്നും സുധാകരൻ പറഞ്ഞു. അതെല്ലാം വസ്തുതയില്ലാത്ത വാർത്തകളാണ്. അവ വേദനിപ്പിച്ചു. അപവാദപ്രചരണത്തിന് തുല്യമായിരുന്നു അതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. നിയമസഭ എന്നത് ഒരു തദ്ദേശഭരണസ്ഥാപനമാണ്. അതിൽ അംഗത്വം കിട്ടുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. പാർലമെന്റിൽ പോകുന്നതിനേക്കാൾ എത്രയോ ഇരട്ടി സന്തോഷമുള്ള കാര്യമാണ് അത്. നമ്മുടെ നാട്ടിലെ അസംബ്ലിയിൽ പോയി അംഗങ്ങളുമായി സഹകരിച്ച് കുറച്ചുകാര്യങ്ങൾ ചെയ്യാനായിരുന്നു ലക്ഷ്യം. പ്രാദേശികതലത്തിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ വേണ്ടിയാണ് നിയമസഭയിൽ പോകണമെന്ന് പറഞ്ഞത്. വേറെ ലക്ഷ്യമുണ്ടായിരുന്നില്ല. മന്ത്രിയാകാം. എന്നാൽ, മന്ത്രിയാകണമെന്നില്ല. നാട്ടിലെ ജനങ്ങൾക്ക് നേരിട്ട് സേവനം നൽകാനാകും എന്നതായിരുന്നു താൻ കണ്ട ലക്ഷ്യമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയതിന് ശേഷം കണ്ണൂരിൽ സീറ്റ് ഉറപ്പുനൽകിയിരുന്നു. എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണത്തേക്കുറിച്ചുള്ള ചോദ്യത്തിന്- ‘വേറെയാരെങ്കിലും പോകുമായിരിക്കും ഞാൻ പോകില്ല’ എന്നായിരുന്നു സുധാകരന്റെ മറുപടി. ഞാൻ എവിടെയും പോകില്ല. എന്റെ അച്ഛൻ കോൺഗ്രസിലൂടെ വളർന്നയാളാണ്. അത് കണ്ടുവളർന്ന ആളാണ് ഞാൻ. ഒൻപതാം വയസ്സിൽ, സമപ്രായക്കാരെ കൂട്ടി പ്രകടനം നടത്തിയിട്ടുണ്ട്. ആരും എന്നെ കണ്ട് സംസാരിച്ചിട്ടില്ല. ശുദ്ധ അസംബന്ധമാണ്. എന്നെ കണ്ട് ഇങ്ങനെ പറയാൻമാത്രം ധൈര്യമുള്ളവരൊന്നും ബിജെപിയിൽ ഇല്ല. പാർട്ടിക്ക് അകത്ത് തനിക്ക് അറിയപ്പെടുന്ന ശത്രുക്കളുണ്ടെന്ന് തോന്നുന്നില്ലെന്നും ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽവരാനുള്ള സാധ്യതയാണ് കാണുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

നിയമസഭാ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സുധാകരൻ സ്വീകരിച്ച നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചതിനേക്കുറിച്ചുള്ള ചോദ്യത്തിന്- പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെ നൂറുശതമാനം നെഞ്ചിലേറ്റുന്നു. പിണറായി വിജയൻ പറഞ്ഞു എന്നതുകൊണ്ട് അത് ശരിയല്ല എന്ന് പറയുന്നതിൽ അർഥമില്ലല്ലോ. അദ്ദേഹം പറഞ്ഞത് യാഥാർഥ്യമാണ്. ഒരു പ്രോത്സാഹനമാണ് പിണറായിയുടെ കയ്യിൽനിന്ന് കിട്ടിയത് എന്നാണ് മനസ്സിലാക്കുന്നത് എന്നായിരുന്നു സുധാകരന്റെ മറുപടി.

What's Your Reaction?

like

dislike

love

funny

angry

sad

wow