തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
സംഭവത്തിൽ നേരത്തെ തന്നെ വിശദമായി അന്വേഷിക്കാൻ നിർദ്ദേശം നൽകിയിരുന്നുവെന്നും ഇതിനായി വിദഗ്ധസമിതിയെ നിയോഗിച്ചതാണെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. ഏതാനും മാസങ്ങൾ മുൻപാണ് ഇത് കണ്ടുപിടിച്ചത്. വിദഗ്ദ്ധ സമിതി റിപ്പോർട്ട് ലഭിച്ചിട്ടില്ല. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി ഉറപ്പാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറിനെതിരെയാണ് പോലീസ് കേസെടുത്തത്. കാട്ടാക്കട സ്വദേശിനി സുമയ്യയുടെ പരാതിയിൽ കന്റോൺമെന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 336, 338 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. തനിക്കുണ്ടായ ദുരനുഭവത്തിൽ നഷ്ടപരിഹാരം വേണമെന്നാണ് സുമയ്യയുടെയും കുടുംബത്തിന്റെയും ആവശ്യം.