മരണംവരെ എംഎല്‍എ ആകണമെന്നാണ് സുധാകരന്റെ ആഗ്രഹം ,അത് നടക്കാത്തതുകൊണ്ട് പാര്‍ട്ടി വിട്ടു;എ വിജയരാഘവന്‍

Mar 22, 2026 - 13:39
Mar 22, 2026 - 13:40
 0
മരണംവരെ എംഎല്‍എ ആകണമെന്നാണ് സുധാകരന്റെ ആഗ്രഹം ,അത് നടക്കാത്തതുകൊണ്ട് പാര്‍ട്ടി വിട്ടു;എ വിജയരാഘവന്‍

ആലപ്പുഴ: ജി സുധാകരനെതിരെ രൂക്ഷവിമർശനവും പരിഹാസവുമായി സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ. ജി സുധാകരന് മരിക്കുന്നത് വരെ എംഎൽഎ ആകണമെന്നാണ് ആഗ്രഹമെന്നും അത് നടക്കാത്തത് കൊണ്ട് പാർട്ടി വിട്ട ഏക ആളാണ് ജി സുധാകരൻ എന്നും വിജയരാഘവൻ വിമർശിച്ചു. സുധാകരന്റെ ദുരാഗ്രഹത്തിനൊപ്പം പാർട്ടിക്ക് നിൽക്കാൻ കഴിയില്ല എന്നും സഹതാപത്തിന്റെ ഒരു കണിക പോലും അദ്ദേഹം അർഹിക്കുന്നില്ല എന്നും വിജയരാഘവൻ പറഞ്ഞു. മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവർത്തിയാണ് സുധാകരൻ ചെയ്തത് എന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

സുധാകരൻ തലകീഴായാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് എന്നും വിജയരാഘവൻ പരിഹസിച്ചു. ചരിത്രത്തിലാദ്യമായാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് ഒരാൾ വലതു പക്ഷത്തേക്ക് പോകുന്നത്. മൂന്നുവട്ടമാണ് സുധാകരനെ മുഖ്യമന്ത്രി വിളിച്ചത്. എന്നാൽ സുധാകരൻ വി ഡി സതീശൻ്റെയും കെ.സി വേണുഗോപാലിൻ്റെയും ഫോൺ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോൺ എടുക്കാതിരുന്നത് എന്നും വിജയരാഘവൻ പരിഹസിച്ചു. ഒന്നും കിട്ടിയില്ലെങ്കിലും വിഷമിക്കാതിരിക്കുന്ന ദശലക്ഷം കമ്മ്യൂണിസ്റ്റുകാരുണ്ട്. എന്നാൽ അത്യപൂർവമായി മാത്രമേ ഇതുപോലെയുള്ള എതിരാളികൾ ഉണ്ടാവുകയുള്ളൂ. പിന്നിൽ നിന്നും കുത്തുന്ന ദുരവസ്ഥ നമ്മുടെ പ്രസ്ഥാനത്തിനുണ്ട്.
ആലപ്പുഴ ജില്ലയിലെ പാർട്ടി പ്രവർത്തകരുടെ ആത്മാർത്ഥത സുധാകരന് കാണാൻ കഴിഞ്ഞില്ല എന്നും വിജയരാഘവൻ പറഞ്ഞു. ജനകീയ സ്വതന്ത്രൻ എന്ന പേരിട്ടാൽ ജനങ്ങൾക്ക് മനസ്സിലാകില്ല എന്നു കരുതേണ്ട എന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

മൂന്ന് തവണ വിളിച്ചിട്ടും സുധാകരൻ ഫോൺ എടുത്തില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം വലിയ ചർച്ചയായിരുന്നു. മനുഷ്യന് ചേരാത്ത വഞ്ചനയാണ് ജി സുധാകരൻ കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഒരു വ്യതിയാനം വരുന്നുവെന്നു തോന്നിയപ്പോൾ വിളിച്ചിരുന്നു, ഫോൺ എൻഗേജ്ഡ് ആയിരുന്നു. രണ്ടാമതു വിളിച്ചപ്പോൾ ബെല്ലടിച്ചെങ്കിലും എടുത്തില്ല. മൂന്നാംതവണ വിളിച്ചപ്പോഴും എടുത്തില്ല. അപ്പോൾ മനഃപൂർവം എടുക്കാതിരിക്കുന്നതാണെന്ന് മനസ്സിലായിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ജി സുധാകരനെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാനും രംഗത്തുവന്നിരുന്നു. ജി സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തിയെന്നും ചങ്കില്‍ കുത്തിയവരെ കൂട്ട് പിടിച്ച് ജയിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ടെന്നുമാണ് അദ്ദേഹം സജി ചെറിയാൻ പറഞ്ഞത്.

What's Your Reaction?

like

dislike

love

funny

angry

sad

wow