"കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാകില്ല"; ടികെ ഗോവിന്ദന് മറുപടിയുമായി എം വി ജയരാജൻ
കണ്ണൂർ: കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നെങ്കിൽ സംഘടനാപരമായ തെറ്റുകൾക്കെതിരെ ആദ്യം രംഗത്തെത്തുക അദ്ദേഹമായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. "കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല" എന്ന ടികെ ഗോവിന്ദന്റെ പരാമർശത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വർഗീയതയുമായി സന്ധി ചെയ്യാനുള്ള നീക്കങ്ങളെ ശക്തമായി എതിർത്ത നേതാവായിരുന്നു കോടിയേരിയെന്നും, പയ്യന്നൂരിലെ സംഘടനാ വിഷയങ്ങളിൽ അദ്ദേഹത്തിന് യാതൊരു സംശയവും ഉണ്ടായിരുന്നില്ലെന്നും ജയരാജൻ പറഞ്ഞു. രക്തസാക്ഷി ഫണ്ടിലോ കെട്ടിട നിർമാണ ഫണ്ടിലോ ധനാപഹരണം നടന്നിട്ടില്ലെന്ന് പാർട്ടി കണ്ടെത്തിയിട്ടുണ്ടെന്നും, കണക്കുകൾ സമയബന്ധിതമായി അവതരിപ്പിക്കാത്തതിനാലാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ടികെ ഗോവിന്ദൻ കോടിയേരിയുടെ വീട് സന്ദർശിച്ചതിനെക്കുറിച്ചും എം വി ജയരാജൻ പ്രതികരിച്ചു. വീട്ടിലെത്തുന്നവരോട് ആതിഥ്യമര്യാദ കാണിക്കുന്നത് സ്വാഭാവികമാണെങ്കിലും അതിനപ്പുറം രാഷ്ട്രീയ വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സിഎംആർഎൽ–എക്സാലോജിക് കേസിലും അദ്ദേഹം പ്രതികരിച്ചു. വീണ ടി.യുടെ കമ്പനി സിഎംആർഎല്ലുമായി നടത്തിയിരുന്നത് സേവന കരാറാണെന്നും, പിണറായി വിജയന്റെ മകളായതിനാലാണ് അവരെ ലക്ഷ്യമിടുന്നതെന്നുമാണ് എം വി ജയരാജന്റെ ആരോപണം.
പയ്യന്നൂർ മണ്ഡലത്തിലെ പരാജയത്തിന് സ്ഥാനാർഥി നിർണയത്തിലെ പോരായ്മയും ഒരു കാരണമായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. അതേസമയം, തന്നെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ടികെ ഗോവിന്ദൻ ജില്ലാ സെക്രട്ടേറിയറ്റിൽ ഉന്നയിച്ചിരുന്നുവെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പാർലമെന്ററി വ്യാമോഹം ഗുണകരമല്ലെന്നും എം വി ജയരാജൻ വിമർശിച്ചു.
What's Your Reaction?



