പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ ബാധിച്ച് ചികിത്സയിലുള്ള വ്യക്തിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗിക്ക് രണ്ടാമത്തെ ഡോസ് ആൻറി ബോഡി നൽകിയിരിക്കുകയാണ്. മറ്റ് വിദഗ്ധ ചികിത്സയും യുവതിയ്ക്ക് നൽകി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
ഇവരുമായി സമ്പർക്കത്തിൽ വന്ന 173 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി. ഇതിൽ 100 പേർ പ്രൈമറി കോൺട്രാക്‌റ്റിലുള്ളവരാണ്. ബാക്കി 73 പേർ സെക്കണ്ടറി കോണ്ടാക്‌റ്റാണ്. ഹൈറിസ്ക് കൊണ്ടാക്റ്റുകളിൽ ഉള്ളത് 52 പേരാണ്.
യുവതിയുടെ മകൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസലേഷനിൽ തുടരുകയാണ്. പാലക്കാട് മാത്രമായി 7 പേർ ചകിത്സയിൽ കഴിയുകയാണ്. എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വ്യാപനം തടയുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നിപ ബാധിത മേഖലയിലെ അസ്വാഭാവിക മരണങ്ങൾ കൂടി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതിനായി ഹൗസ് സർവേ നടത്താനാണ് തീരുമാനം. ഒന്നാം തിയ്യതിയാണ് രോഗിക്ക് തീവ്രമായി രോഗ ലക്ഷണമുണ്ടായിരുന്നത്. കണ്ടെയിൻമെന്റ് സോണിലെ എല്ലാ വീടുകളും പരിശോധിക്കും.
ഇതിനിടെ നിപ ബാധിതയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഒരാളെ കണ്ടെത്താനുണ്ട്. അതിഥി തൊഴിലാളിയെയാണ് കണ്ടെത്താനുള്ളതെന്നാണ് സംശയം. ഇയാൾ മണ്ണാർക്കാട്ടെ ആശുപത്രിയിലാണ് എത്തിയതെന്നും മലപ്പുറത്ത് ജോലി ചെയ്യുന്ന വ്യക്തിയാണെന്നുമാണ് വിവരം.
മാത്രമല്ല വവ്വാലുകളുടെ സാമ്പിൾ പരിശോധനയ്ക്ക് കേന്ദ്രത്തിൻ്റെ അനുമതി തേടിയതായും ആരോഗ്യമന്ത്രി വിശദീകരിച്ചു. ഐസോലേഷനിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും 3 കുട്ടികൾക്ക് പനി കണ്ടെത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.