സ്വകാര്യ നിക്ഷേപത്തിലൂടെ വികസനം; കേരളത്തെ പിടിച്ചുനിർത്താൻ പുതിയ പദ്ധതികളുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ

Jun 19, 2026 - 22:41
Jun 19, 2026 - 22:42
 0
സ്വകാര്യ നിക്ഷേപത്തിലൂടെ വികസനം; കേരളത്തെ പിടിച്ചുനിർത്താൻ പുതിയ പദ്ധതികളുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: ഒരു സർക്കാരും അഭിമുഖീകരിക്കാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലവിലുള്ളതെങ്കിലും ജനങ്ങൾക്ക് മേൽ അമിത നികുതിഭാരം അടിച്ചേൽപ്പിക്കാതെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് പുതുയുഗ കേരളത്തിലേക്കുള്ള പ്രയാണം ആരംഭിച്ചതായി മുഖ്യമന്ത്രി വി. ഡി. സതീശൻ. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ യുവത്വത്തെ ഇവിടെത്തന്നെ നിലനിർത്തി അന്താരാഷ്ട്ര നിലവാരമുള്ള പഠനം ഉറപ്പാക്കുമെന്നും, കേരളത്തിൽ ഇതുവരെ കൃത്യമായ പഠനം നടന്നിട്ടില്ലാത്ത അസാധാരണമായ ജനസംഖ്യാ വ്യതിയാനത്തെ ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തെ പൂർണ്ണമായും ഒരു തുറമുഖ നഗരമാക്കാനുള്ള സ്വപ്ന പദ്ധതിയായ 'മിഷൻ സമുദ്ര', വയോജനങ്ങളെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കുന്ന 'സിൽവർ ഇക്കോണമി' എന്നിവ സംസ്ഥാനത്ത് നടപ്പിലാക്കും. അറിയപ്പെടാതെ കിടക്കുന്ന ഭൂമി കണ്ടെത്തി നിക്ഷേപകർക്ക് നൽകാനായി പ്രത്യേക ലാൻഡ് പോളിസി രൂപീകരിക്കും. ഊർജ്ജ മേഖലയിൽ 1500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ, കേരളീയ ഉത്പന്നങ്ങൾക്കായി പ്രത്യേക ബ്രാൻഡ്, എം.ടി. വാസുദേവൻ നായരുടെ സ്മരണയ്ക്കായി കൾച്ചറൽ പാർക്ക് എന്നിവയും ഇതിന്റെ ഭാഗമായി വരും. സിനിമയെ ഒരു വ്യവസായമായി മാറ്റാനാണ് തീരുമാനമെന്നും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഫിലിം സിറ്റിയായി 'ചിത്രനഗരത്തെ' മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള ബജറ്റാണിതെന്ന പ്രതിപക്ഷത്തിന്റെ വിമർശനം പൂർണ്ണമായും ശരിയാണെന്നും സ്വകാര്യ നിക്ഷേപത്തെ സർക്കാർ ശക്തമായി പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്വകാര്യ നിക്ഷേപം കൊണ്ടുവരുന്നതിനെ സ്വകാര്യവൽക്കരണമായി കാണാനാകില്ല. വികസനം ഉണ്ടാകണമെങ്കിൽ സ്വകാര്യ നിക്ഷേപം അത്യാവശ്യമാണ്, ഇല്ലെങ്കിൽ കേരളം മുന്നോട്ടുപോകില്ല. എന്നാൽ സർക്കാർ എവിടെയാണ് സ്വകാര്യവൽക്കരണം നടത്തിയതെന്ന് പ്രതിപക്ഷം വ്യക്തമാക്കണം.

ഡി.എ കുടിശികയെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. ഡി.എ കുടിശിക വരുത്തിവെച്ചത് മുൻ സർക്കാരാണെന്നും ഈ ചോദ്യം ചോദിക്കാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജീവനക്കാർ ഇക്കാര്യം പ്രതിപക്ഷ നേതാവിനോട് തന്നെ ചോദിച്ചുകൊള്ളും. കുടിശിക നൽകില്ലെന്ന് സർക്കാർ പറഞ്ഞിട്ടില്ല. വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കുക എന്നത് എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനമായിരുന്നുവെന്നും, എന്നാൽ അവർ നികുതി നിശ്ചയിച്ചിരുന്നില്ലെന്നും യു.ഡി.എഫ് സർക്കാർ നികുതി നിരക്ക് നിശ്ചയിക്കുക മാത്രമാണ് ചെയ്തതെന്നും വി. ഡി. സതീശൻ വ്യക്തമാക്കി. കാർഷിക ഉത്പന്നങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചവർ കഴിഞ്ഞ 10 വർഷം കൊണ്ട് ഒരു ലിറ്ററെങ്കിലും ഉത്പാദിപ്പിച്ചോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow