മെസിപ്പട കേരളത്തിലേക്കില്ല; അർജന്‍റീന ടീം നവംബറിൽ വരില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസര്‍

മത്സരം നടക്കാത്തതിൻ്റെ പേരിൽ എ.എഫ്.എ. ഭാരവാഹികൾ കേരളത്തെ പഴിക്കുന്നതായി അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Oct 25, 2025 - 09:49
Oct 25, 2025 - 09:50
 0
മെസിപ്പട കേരളത്തിലേക്കില്ല; അർജന്‍റീന ടീം നവംബറിൽ വരില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസര്‍

ചെന്നൈ: ലോകകപ്പ് ജേതാക്കളായ അർജന്റീന ഫുട്‌ബോൾ ടീമും നായകൻ ലയണൽ മെസിയും നവംബറിൽ കേരളത്തിൽ സൗഹൃദ മത്സരം കളിക്കില്ലെന്ന് സ്പോൺസർ സ്ഥിരീകരിച്ചു. നവംബറിൽ ടീം അംഗോളയിൽ മാത്രമായിരിക്കും കളിക്കുക എന്ന അർജന്റീന ഫുട്ബോൾ അസോസിയേഷൻ്റെ (എ.എഫ്.എ.) പ്രഖ്യാപനത്തിന് പിന്നാലെയാണിത്.

മത്സരം നടക്കാത്തതിൻ്റെ പേരിൽ എ.എഫ്.എ. ഭാരവാഹികൾ കേരളത്തെ പഴിക്കുന്നതായി അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിശ്ചിത സമയത്തിനുള്ളിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും മത്സരം നടത്താൻ കൊച്ചി സജ്ജമല്ലെന്നും എ.എഫ്.എ. ഭാരവാഹികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു.

നവംബർ 17-ന് അർജന്റീന കൊച്ചിയിൽ കളിക്കുമെന്നായിരുന്നു കേരള സർക്കാരും സ്പോൺസറും നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, നിലവിൽ മാർച്ച് മാസത്തിൽ മെസ്സി വരുമെന്ന് സ്പോൺസർ പറയുന്നു. അതേസമയം, മാർച്ച് മാസം വേണ്ടെന്നാണ് സർക്കാരും സ്പോൺസറും ഇതുവരെ സ്വീകരിച്ചിരുന്ന നിലപാട്.

അർജന്റീന ടീമിൻ്റെ കേരള സന്ദർശനം റദ്ദാക്കിയതിനെത്തുടർന്ന് എ.എഫ്.എ. കേരള സർക്കാരിനെതിരെ രംഗത്തെത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. പ്രതിപക്ഷം ഈ വിഷയം ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും ചെയ്തിരുന്നു.

ലയണൽ മെസ്സി ഇതിനുമുമ്പ് ഇന്ത്യയിലെത്തിയത് 2011 സെപ്റ്റംബറിലാണ്. അന്ന് കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയ്‌ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ മെസ്സി അർജന്റീനൻ ജേഴ്സിയണിഞ്ഞു. അർജന്റീനയുടെ നായകനായുള്ള മെസ്സിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു അത്.

What's Your Reaction?

like

dislike

love

funny

angry

sad

wow