ബസിറങ്ങിയ ആളുടെ പണമടങ്ങിയ ബാഗ് കാറിലെത്തിയ സംഘം തട്ടിയെടുത്തു; സംഭവം തൃശൂരില്‍
ബെംഗളൂരുവിൽനിന്നുള്ള സ്വകാര്യബസിലാണ് മുബാറക്ക് മണ്ണുത്തിയിലെത്തിയത്
തൃശൂർ: മണ്ണുത്തി ബൈപ്പാസ് ജങ്ഷന് സമീപത്തെ ചായക്കടയിലിരിക്കുകയായിരുന്ന എടപ്പാൾ സ്വദേശി മുബാറക്കിൻ്റെ പണമടങ്ങിയ ബാഗ് കാറിലെത്തിയ സംഘം തട്ടിയെടുത്തു. ശനിയാഴ്ച പുലർച്ചെ 04.30-നാണ് 75 ലക്ഷം രൂപയുടെ കവർച്ച നടന്നത്.
ബെംഗളൂരുവിൽനിന്നുള്ള സ്വകാര്യബസിലാണ് മുബാറക്ക് മണ്ണുത്തിയിലെത്തിയത്. ബസ്സിറങ്ങിയ ശേഷം സമീപത്തെ ചായക്കടയിൽ ഇരിക്കുകയായിരുന്ന അദ്ദേഹത്തെ കാറിലെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇവർ മുബാറക്കുമായി പിടിവലി നടത്തുകയും പണമടങ്ങിയ ബാഗുമായി അതിവേഗം കടന്നുകളയുകയും ചെയ്തു.
കാർ വിറ്റുകിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് മുബാറക്ക് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. പണം തട്ടിയെടുത്തവർ സഞ്ചരിച്ച കാറിൻ്റെ മുൻഭാഗത്തും പിൻഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്ന നമ്പർ പ്ലേറ്റുകൾ വ്യത്യസ്തമായിരുന്നു എന്നും അദ്ദേഹം മൊഴിയിൽ പറഞ്ഞു.
സംഭവത്തിൽ ഒല്ലൂർ എസിപിയുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?

