ഇന്ന് ശ്രീനാരായണ ഗുരുവിന്‍റെ 171ാമത് ജന്മദിനം; ആഘോഷപരിപാടികളില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും മുഖ്യാതിഥികളാകും
ശിവഗിരിയില്‍ കേരളാ ഗവര്‍ണറും ചെമ്പഴന്തിയില്‍ മുഖ്യമന്ത്രിയും ആഘോഷ പരിപാടികളിൽ മുഖ്യാതിഥികളാകും

തിരുവനന്തപുരം: ഇന്ന് ചിങ്ങമാസത്തിലെ ചതയനാള്‍, ശ്രീനാരായണ ഗുരുവിന്‍റെ 171-ാമത് ജന്മദിനം. ഗുരുവിന്‍റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഭക്തർ ശിവഗിരി മഠത്തിലും ചെമ്പഴന്തി ഗുരുകുലത്തിലും ദർശനം നടത്തും. ശിവഗിരിയില്‍ കേരളാ ഗവര്‍ണറും ചെമ്പഴന്തിയില്‍ മുഖ്യമന്ത്രിയും ആഘോഷ പരിപാടികളിൽ മുഖ്യാതിഥികളാകും.
'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യൻ നന്നായാൽ മതി' തുടങ്ങിയ തത്വങ്ങളിലൂടെ കേരളത്തിലെ പാര്‍ശ്വവത്‌കരിക്കപ്പെട്ട മനുഷ്യരുടെ മനസിലേക്ക് വിശ്വമാനവികത എന്ന വലിയ ആശയത്തിന്‍റെ പുനപ്രതിഷ്‌ഠയാണ് ഗുരു നടത്തിയത്. ജാതിയുടെയും മതത്തിന്‍റെയും വേലിക്കെട്ടുകള്‍ പൊളിച്ച് സ്വതന്ത്രരാകാന്‍ ഉപദേശിച്ച ഗുരു, സംഘടിച്ച് ശക്തരാകാനും ആഹ്വാനം ചെയ്‌തു.
ഗുരുവിന്‍റെ ജന്മദിനമായ ഇന്ന് നാടെങ്ങും ഘോഷയാത്രകളും ആഘോഷവും സമ്മേളനങ്ങളും നടക്കും.
ഗ്രാമങ്ങളും നഗരങ്ങളും പീതസാഗരമാകും. ആഘോഷങ്ങളുടെ ഭാഗമായി ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വർക്കല ശിവഗിരിയിലും വിവിധ പരിപാടികള്‍ നടക്കും. ശിവഗിരിയില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ചെമ്പഴന്തി ഗുരുകുലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥികളാകും. ശിവഗിരിയില്‍ രാവിലെ ഏഴുമണിക്ക് ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പതാക ഉയര്‍ത്തും. 9.30ന് ജയന്തി സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും.
What's Your Reaction?






