ജസ്‍ലിയയുടെ മരണം: ഒളിവിൽ കഴിഞ്ഞിരുന്ന ഡോ. സിറിയക് വാഗമണ്ണിൽ പിടിയിൽ
കഴിഞ്ഞ മൂന്ന് ദിവസമായി ഡോ. സിറിയക്കിന്റെ ഫോൺ ലൊക്കേഷൻ വാഗമൺ കേന്ദ്രീകരിച്ചായിരുന്നു
വാഗമൺ: അങ്കമാലിയിൽ വിദ്യാർഥിനിയായ ജസ്‍ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി ഡോ. സിറിയക്കിനെ പൊലീസ് പിടികൂടി. വാഗമണ്ണിലെ ഒരു സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇടുക്കി പൊലീസിന്റെ സഹായത്തോടെ അങ്കമാലി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മൂന്ന് ദിവസമായി ഡോ. സിറിയക്കിന്റെ ഫോൺ ലൊക്കേഷൻ വാഗമൺ കേന്ദ്രീകരിച്ചായിരുന്നു. ഇത് പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് ഒടുവിൽ അറസ്റ്റിൽ കലാശിച്ചത്. ഫോൺ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ഇയാൾ വാഗമണ്ണിലുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു. ഉടൻ തന്നെ റിസോർട്ട് വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു.
സിറിയക്കിനെ ഒളിവിൽ പോകാൻ സഹായിച്ച കുറ്റത്തിന് പിതാവ് ജോർജ് മാത്യുവിനെ കഴിഞ്ഞ ദിവസം അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഡോക്ടറെ പിടികൂടാത്തതിൽ ജസ്‍ലിയയുടെ കുടുംബവും നാട്ടുകാരും പൊലീസിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
ഫെബ്രുവരി 28-ന് രാത്രിയിലാണ് വൈപ്പിൻ സ്വദേശിനിയും അങ്കമാലി മോണിങ് സ്റ്റാർ കോളജ് വിദ്യാർഥിനിയുമായ ജസ്‍ലിയ ജോൺസണെ ഡോ. സിറിയക് ഓടിച്ച കാർ പിന്നിൽ നിന്ന് ഇടിച്ചുതെറിപ്പിച്ചത്. പാർട്ട് ടൈം ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നുപോവുകയായിരുന്നു ജസ്‍ലിയ.
ഗുരുതരമായി പരിക്കേറ്റ ജസ്‍ലിയ ഈ മാസം മൂന്നിന് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി. മരണശേഷം ജസ്‍ലിയയുടെ അവയവങ്ങൾ ബന്ധുക്കൾ ദാനം ചെയ്തിരുന്നു. എംബിബിഎസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുന്നതിനിടെയാണ് ഡോ. സിറിയക് ഈ അപകടം വരുത്തിയത്.
What's Your Reaction?