മുംബൈയില്‍ ബന്ദികളാക്കിയ 17 കുട്ടികളെ രക്ഷപ്പെടുത്തി; പ്രതി ഏറ്റുമുട്ടലിൽ വെടിയേറ്റു കൊല്ലപ്പെട്ടു
പോവൈയിലെ ആർ.എ. സ്റ്റുഡിയോ എന്ന അഭിനയ പഠന കേന്ദ്രം. രാവിലെ വെബ് സീരീസിൻ്റെ ഓഡിഷനു വേണ്ടി വിളിച്ചു വരുത്തിയ കുട്ടികളെയാണ് രോഹിത് ആര്യ ബന്ദിയാക്കിയത്
മുംബൈ: നഗരത്തിലെ പോവൈ മേഖലയിൽ അഭിനയ പഠന കേന്ദ്രത്തിൽ ബന്ദികളാക്കിയ 17 കുട്ടികളെ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനിടെ പ്രതിയായ രോഹിത് ആര്യ വെടിയേറ്റ് മരിച്ചു. കുട്ടികളെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
പോവൈയിലെ ആർ.എ. സ്റ്റുഡിയോ എന്ന അഭിനയ പഠന കേന്ദ്രം. രാവിലെ വെബ് സീരീസിൻ്റെ ഓഡിഷനു വേണ്ടി വിളിച്ചു വരുത്തിയ കുട്ടികളെയാണ് രോഹിത് ആര്യ ബന്ദിയാക്കിയത്. തനിക്ക് അധികൃതരുമായി ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും അതിനു വേണ്ടിയാണ് കുട്ടികളെ ബന്ദിയാക്കിയത് എന്നും ഇയാൾ ഒരു വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു. തൻ്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കുട്ടികൾക്ക് ഉപദ്രവം ഉണ്ടായാൽ താൻ ഉത്തരവാദിയായിരിക്കില്ലെന്നും വീഡിയോയിൽ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
പ്രതിയുടെ കൈവശം എയർ ഗൺ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആദ്യം ഇയാളുമായി ആശയവിനിമയം നടത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തുടർന്ന്, പോലീസ് സംഘം ശുചിമുറിയിലൂടെ അകത്തു കടന്ന് രോഹിത് ആര്യയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു.
ഈ ശ്രമത്തിനിടെയാണ് ഇയാൾക്ക് വെടിയേറ്റത്. സാരമായി പരിക്കേറ്റ രോഹിത് ആര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മുംബൈ പോലീസ് കുട്ടികളെ സുരക്ഷിതരായി രക്ഷപ്പെടുത്തി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചതായി അറിയിച്ചു.
What's Your Reaction?

