ചിന്ദ്വാര: ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് നാലാമത്തെ കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ. സംഭവത്തിൽ സർക്കാർ അധ്യാപകനും ഭാര്യയും അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ബബ്ലു ഡണ്ഡോലിയ ഭാര്യ രാജ്കുമാരി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
ഒരുരാത്രി മുഴുവനും കാട്ടില്‍ കഴിഞ്ഞ കുഞ്ഞ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാട്ടില്‍ കല്ലിനടിയില്‍ ഉപേക്ഷിച്ച മൂന്നു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് രക്ഷപ്പെടുത്തിയത്. ബബ്ലുവിനും രാജ്കുമാരിക്കും മൂന്നു മക്കൾ ഉണ്ട്.
സംസ്ഥാനത്ത് കുട്ടികളുടെ എണ്ണത്തിന്‌റെ കാര്യത്തില്‍ നിബന്ധനകള്‍ നിലനില്‍ക്കുന്നുണ്ട്. എണ്ണം കൂടിയാല്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടും. ഇതു ഭയന്നാണ് കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ചത്. നന്ദന്‍വാഡി വനത്തില്‍ തണുത്തുറഞ്ഞ നിലത്തും ഉറുമ്പരിച്ച നിലയിലുമായിരുന്നു കുഞ്ഞ് കിടന്നിരുന്നത്.
വനപ്രദേശത്തു കൂടി പ്രഭാതനടത്തത്തിനെത്തിയ ഗ്രാമീണരാണ് കുട്ടിയുടെ കരച്ചിൽ കേട്ടത്. ഇവരാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സെപ്റ്റംബര്‍ 23-നാണ് രാജ്കുമാരി കുഞ്ഞിന് ജന്മം നല്‍കിയത്. വീട്ടില്‍ വെച്ചായിരുന്നു പ്രസവം. ഉടനെതന്നെ കുട്ടിയെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുമെന്ന നിയമം ഭയന്നാണ് ഇവര്‍ ഗര്‍ഭവിവരം മറച്ചുവെച്ചതും കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതും.