ബിഹാറിൽ നിതീഷ് കുമാർ യുഗം അവസാനിച്ചു; മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു
മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞാലും താൻ ബിഹാർ വിട്ടുപോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി
പട്ന: ബിഹാർ രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു ഘട്ടത്തിന് അന്ത്യം കുറിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു. രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് 20 വർഷം നീണ്ട മുഖ്യമന്ത്രി പദവിയിൽ നിന്ന് അദ്ദേഹം പടിയിറങ്ങിയത്. ഇന്ന് ഉച്ചയോടെ ലോക്ഭവനിലെത്തി ഗവർണറെ കണ്ട് അദ്ദേഹം രാജി സമർപ്പിച്ചു.
രണ്ട് പതിറ്റാണ്ടുകാലം ബിഹാറിന്റെ അമരത്തിരുന്ന നിതീഷ് കുമാർ, വികസനപ്രവർത്തനങ്ങളിലും സാമൂഹിക മാറ്റങ്ങളിലും താൻ സംതൃപ്തനാണെന്ന് രാജിക്ക് പിന്നാലെ പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞാലും താൻ ബിഹാർ വിട്ടുപോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ സംസ്ഥാന സർക്കാരിന് തന്റെ പൂർണ്ണ സഹകരണവും മേൽനോട്ടവും ഉണ്ടാകുമെന്നും എന്നും ബിഹാറിന്റെ മാർഗദർശിയായി തുടരുമെന്നും നിതീഷ് കൂട്ടിച്ചേർത്തു.
ബിഹാറിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ പുതിയ കാബിനറ്റിന്റെ ഭാഗമായേക്കില്ലെന്നാണ് ജനതാദൾ (യു) കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന. വരും ദിവസങ്ങളിൽ ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
What's Your Reaction?