വിജയ്ക്കെതിരെ നിയമപോരാട്ടം: പാർട്ടിയിൽ ജ്യോത്സ്യനെ നിയമിച്ചതിനെതിരെ കോടതിയിൽ ഹർജി
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തന്റെ ഓഫീസിൽ (CMO) പ്രത്യേക ഡ്യൂട്ടി ഓഫീസറായി ഒരു ജ്യോത്സ്യനെ നിയമിച്ചതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ സ്വദേശിയായ അഭിഭാഷകൻ കൃഷ്ണമൂർത്തിയാണ് ഈ നിയമനത്തിനെതിരെ കോടതിയെ സമീപിച്ചത്. റിക്കി രഥൻ പണ്ഡിറ്റ് വെട്രിവേൽ എന്ന ജ്യോത്സ്യനെ മുൻകൂർ പ്രഖ്യാപനങ്ങളോ നിയമപരമായ നടപടിക്രമങ്ങളോ പാലിക്കാതെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ആയി നിയമിച്ചത് ചട്ടലംഘനമാണെന്ന് അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ജസ്റ്റിസുമാരായ വിക്ടോറിയ ഗൗരി, എൻ. സെന്തിൽ കുമാർ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഹർജി ഔദ്യോഗികമായി ഫയൽ ചെയ്യാൻ നിർദ്ദേശിച്ചു. തമിഴ്‌നാട് സർക്കാർ വിശ്വാസ വോട്ട് തേടുന്ന നിർണ്ണായക ദിനത്തിലാണ് മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിനെതിരെ കോടതിയിൽ നീക്കം നടന്നത് എന്നത് ശ്രദ്ധേയമാണ്. ശാസ്ത്രീയ അവബോധം ഉയർത്തിപ്പിടിക്കേണ്ട ഭരണഘടനാ പദവിയിലിരിക്കുന്നവർ ഇത്തരം നിയമനങ്ങൾ നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന വാദവും ഉയരുന്നുണ്ട്.
What's Your Reaction?