കർണാടകയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം
ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്
ബെംഗളൂരു: കൊല്ലേഗൽ – കോഴിക്കോട് ദേശീയപാതയിൽ ബേഗൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് വയനാട് സ്വദേശികൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കമ്പളക്കാട് മക്കിമല കരിഞ്ചേരി വീട്ടിൽ ബഷീർ (53), ബഷീറിൻ്റെ സഹോദരിയുടെ മകൻ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജഷീറ (28) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ബഷീറും ജഷീറയും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ മുഹമ്മദ് ഷാഫി (32), മകൻ ഏസം ഹനാൽ (3), ബഷീറിൻ്റെ ഭാര്യ നസീമ (42) എന്നിവരെ മൈസൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തായ്‌ലൻഡിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലിറങ്ങി തിരിച്ച് നാട്ടിലേക്ക് വരുമ്പോഴാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ ബേഗൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് തന്നെ നാട്ടിലേക്ക് കൊണ്ടുപോകും.
What's Your Reaction?