ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽനിന്ന് സ്വർണം പിടികൂടി
ബെംഗളൂരു ശ്രീരാംപുരയിലെ പോറ്റിയുടെ വാടക ഫ്ലാറ്റിൽ നിന്നാണ് 176 ഗ്രാം സ്വർണം അന്വേഷണ സംഘം കണ്ടെടുത്തത്
ബെംഗളൂരു: ശബരിമലയിൽനിന്ന് കൊള്ളയടിച്ച സ്വർണം കണ്ടെത്തുന്നതിൻ്റെ ഭാഗമായി നടത്തിയ തെരച്ചിലിൽ, പ്രത്യേക അന്വേഷണ സംഘം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് സ്വർണം പിടികൂടി. ബെംഗളൂരു ശ്രീരാംപുരയിലെ പോറ്റിയുടെ വാടക ഫ്ലാറ്റിൽ നിന്നാണ് 176 ഗ്രാം സ്വർണം അന്വേഷണ സംഘം കണ്ടെടുത്തത്.
അതിനിടെ, ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ എത്തിച്ച് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ശബരിമലയിലെ ദ്വാരപാലക ശിൽപപാളികളിൽ സ്വർണം പൂശിയത് ഈ സ്ഥാപനത്തിൽ വെച്ചായിരുന്നു.
നേരത്തെ, ശബരിമലയിൽനിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിയ സ്വർണം കർണാടകയിലെ ബെള്ളാരിയിൽനിന്ന് കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം ഇന്ന് അറിയിച്ചിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റി, വ്യാപാരിയായ ഗോവർധന് കൈമാറിയ സ്വർണ്ണക്കട്ടികളാണ് ഗോവർധൻ്റെ ജ്വല്ലറിയിൽ നിന്ന് കണ്ടെത്തിയത്.
തനിക്ക് ഉണ്ണിക്കൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം നൽകിയെന്നാണ് ഗോവർധൻ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, ഈ അളവിലുള്ള സ്വർണം മുഴുവനായും കണ്ടെത്താൻ സാധിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
What's Your Reaction?