2028 ൽ യു.എസ്. പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കും; സൂചന നൽകി കമലാ ഹാരിസ്

ഭാവിയിൽ ഒരു വനിതാ പ്രസിഡൻ്റ് വൈറ്റ് ഹൗസിലെത്തും എന്ന് തനിക്ക് ഉറപ്പുണ്ടെന്നും അത് തൻ്റെ കൊച്ചുമക്കളുടെ ജീവിതകാലത്തുതന്നെ സംഭവിക്കുമെന്നും അവർ പറഞ്ഞു

Oct 25, 2025 - 21:32
Oct 25, 2025 - 21:33
 0
2028 ൽ യു.എസ്. പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കും; സൂചന നൽകി കമലാ ഹാരിസ്

മുൻ യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് 2028-ൽ അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചേക്കുമെന്ന് സൂചന നൽകി. തൻ്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ലെന്നും, വീണ്ടും പ്രസിഡൻ്റ് പദവി ലക്ഷ്യമിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഹാരിസ് ബി.ബി.സിക്ക് (BBC) നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഭാവിയിൽ ഒരു വനിതാ പ്രസിഡൻ്റ് വൈറ്റ് ഹൗസിലെത്തും എന്ന് തനിക്ക് ഉറപ്പുണ്ടെന്നും അത് തൻ്റെ കൊച്ചുമക്കളുടെ ജീവിതകാലത്തുതന്നെ സംഭവിക്കുമെന്നും അവർ പറഞ്ഞു. "എൻ്റെ മുഴുവൻ കരിയറും സേവനത്തിന്റേതായിരുന്നു, അത് എൻ്റെ അസ്ഥികളിൽ അലിഞ്ഞുചേർന്നതാണ്. ഞാൻ സർവേകൾക്ക് ചെവി കൊടുത്തിരുന്നുവെങ്കിൽ ഒരിക്കലും മത്സരിക്കില്ലായിരുന്നു, ഇവിടെ ഇരിക്കുകയുമില്ലായിരുന്നു," കമല ഹാരിസ് കൂട്ടിച്ചേർത്തു.

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ഒരു ഏകാധിപതി (Dictator) എന്ന് വിശേഷിപ്പിച്ച കമലാ ഹാരിസ്, ട്രംപ് ഒരു ഫാസിസ്റ്റിനെപ്പോലെ പെരുമാറുമെന്നും അദ്ദേഹത്തിൻ്റെ ഭരണത്തിൽ ഒരു സ്വേച്ഛാധിപത്യ സർക്കാർ നിലവിൽ വരുമെന്നും താൻ പ്രചാരണ വേളയിൽ നടത്തിയ പ്രവചനങ്ങൾ ശരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞു.

"നീതിന്യായ വകുപ്പിനെ ആയുധമാക്കുമെന്ന് ട്രംപ് പറയുകയും അത് കൃത്യമായി ചെയ്യുകയും ചെയ്തു."
"രാഷ്ട്രീയ ആക്ഷേപഹാസ്യം നടത്തുന്നവർക്കെതിരെ അദ്ദേഹം ഫെഡറൽ ഏജൻസികളെ ഉപയോഗിച്ചു. അദ്ദേഹത്തിൻ്റെ ക്ഷമ വളരെ കുറവാണ്. ഒരു തമാശയിൽ നിന്നുള്ള വിമർശനം പോലും അദ്ദേഹത്തിന് സഹിക്കാനായില്ല. അതിൻ്റെ പേരിൽ ഒരു മാധ്യമ സ്ഥാപനം മുഴുവൻ അടച്ചുപൂട്ടാൻ അദ്ദേഹം ശ്രമിച്ചു," കമല ഹാരിസ് കുറ്റപ്പെടുത്തി.

ട്രംപിൻ്റെ ആവശ്യങ്ങൾക്ക് എളുപ്പത്തിൽ വഴങ്ങിപ്പോയ അമേരിക്കയിലെ ബിസിനസ് നേതാക്കളെയും സ്ഥാപനങ്ങളെയും ഹാരിസ് രൂക്ഷമായി വിമർശിച്ചു. "അവർ ഒരു ഏകാധിപതിയുടെ കാൽക്കൽ മുട്ടുമടക്കുകയാണ്. അധികാരത്തോട് അടുത്തിരിക്കാനും ലയനങ്ങൾക്ക് അംഗീകാരം നേടാനും അല്ലെങ്കിൽ അന്വേഷണങ്ങൾ ഒഴിവാക്കാനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും" ഹാരിസ് ആരോപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow