വനിതാ സംവരണം ഇനിയും വൈകിക്കരുത്; എംപിമാർക്ക് കത്തെഴുതാൻ സ്ത്രീകളോട് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന
മറ്റന്നാൾ ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ പാസ്സാക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഈ ഇടപെടൽ
ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബിൽ പാസ്സാക്കുന്നതിനായി രാജ്യത്തെ ജനപ്രതിനിധികൾക്ക് മേൽ സമ്മർദ്ദം ചെലുത്താൻ സ്ത്രീകളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഇന്ത്യയിലേക്കുള്ള പ്രയാണത്തിൽ സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കാൻ ബിൽ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം രാജ്യത്തെ സ്ത്രീകൾക്ക് കത്തെഴുതി.
മറ്റന്നാൾ ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ പാസ്സാക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഈ ഇടപെടൽ. വനിതാ സംവരണം ഇനിയും വൈകിപ്പിക്കുന്നത് സ്ത്രീകളോട് ചെയ്യുന്ന അനീതിയാകുമെന്ന് പ്രധാനമന്ത്രി കുറിച്ചു. 2029 മുതൽ ലോക്‌സഭയിലും നിയമസഭകളിലും സംവരണം നടപ്പിലാക്കാൻ സാധിച്ചില്ലെങ്കിൽ അത് ദൗർഭാഗ്യകരമാകുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
ബില്ലിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകൾ അതത് മണ്ഡലങ്ങളിലെ എംപിമാർക്ക് കത്തെഴുതണമെന്ന് മോദി അഭ്യർത്ഥിച്ചു. ബിൽ പാസ്സാക്കാൻ ജനപ്രതിനിധികൾക്ക് മേൽ സമ്മർദ്ദം ചെലുത്താനുള്ള പരോക്ഷ നിർദ്ദേശമാണ് ഇതിലൂടെ അദ്ദേഹം നൽകിയത്. 'നാരി ശക്തി വന്ദൻ' സമ്മേളനത്തിന് പിന്നാലെയാണ് അദ്ദേഹം സ്ത്രീകളുടെ അനുഗ്രഹം തേടിയത്. രാജ്യത്തിന്റെ കുതിപ്പിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
What's Your Reaction?