സഞ്ജു സാംസണ് ഐസിസി പുരസ്കാരം; പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം
ഇതാദ്യമായാണ് സഞ്ജു സാംസണ് ഐസിസി പുരസ്കാരം ലഭിക്കുന്നത്
മുംബൈ: ഐപിഎൽ അരങ്ങേറ്റത്തിന്റെ 13-ാം വാർഷിക ദിനത്തിൽ മലയാളി താരം സഞ്ജു സാംസണെ തേടി ഐസിസി അംഗീകാരം. മാർച്ചിലെ ഐസിസി 'പ്ലെയർ ഓഫ് ദി മന്ത്' പുരസ്കാരത്തിനാണ് ഇന്ത്യൻ താരം അർഹനായത്. ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ ഈ നേട്ടത്തിന് അർഹനാക്കിയത്.
ഇതാദ്യമായാണ് സഞ്ജു സാംസണ് ഐസിസി പുരസ്കാരം ലഭിക്കുന്നത്. സഹതാരം ജസ്പ്രീത് ബുമ്രയെ പിന്തള്ളിയാണ് സഞ്ജു പുരസ്കാരം സ്വന്തമാക്കിയത്. വനിതാ വിഭാഗത്തിൽ ന്യൂസീലൻഡ് ഓൾറൗണ്ടർ മെലി കെർ പുരസ്കാരത്തിന് അർഹയായി.
ട്വന്റി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജുവായിരുന്നു. ആദ്യ ഘട്ടങ്ങളിൽ അവസരം ലഭിച്ചില്ലെങ്കിലും നിർണ്ണായക മത്സരങ്ങളിൽ താരം തിളങ്ങി. സൂപ്പർ 8-ൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 97 റൺസും സെമിയിൽ ഇംഗ്ലണ്ടിനെതിരെ 89 റൺസും ഫൈനലിൽ ന്യൂസീലൻഡിനെതിരെ 89 റൺസും നേടി ഇന്ത്യയെ കിരീടം നിലനിർത്താൻ സഞ്ജു സഹായിച്ചു.
"ഐസിസി പുരസ്കാരം നേടുക എന്നത് അവിശ്വസനീയമായ വികാരമാണ്. ലോകകപ്പ് വിജയത്തിൽ പങ്കാളിയാകാൻ കഴിഞ്ഞത് സ്വപ്ന സാക്ഷാത്കാരമാണ്," എന്ന് പുരസ്കാര നേട്ടത്തിന് ശേഷം സഞ്ജു പറഞ്ഞു. കൃത്യം 13 വർഷം മുൻപ്, 2013 ഏപ്രിൽ 14-നാണ് സഞ്ജു ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്. പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് വേണ്ടിയായിരുന്നു അന്ന് താരം പാഡണിഞ്ഞത്.
നിലവിൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് സഞ്ജു കളിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടി മികച്ച ഫോമിലുളള താരം ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കളത്തിലിറങ്ങും.
What's Your Reaction?