വീണയുടെ ഫോൺ നിർണായകം; സിഎംആർഎൽ–എക്സാലോജിക് കേസിൽ ഇ.ഡിയുടെ രണ്ടാംഘട്ട നീക്കം

May 29, 2026 - 13:48
May 29, 2026 - 13:49
 0
വീണയുടെ ഫോൺ നിർണായകം; സിഎംആർഎൽ–എക്സാലോജിക് കേസിൽ ഇ.ഡിയുടെ രണ്ടാംഘട്ട നീക്കം

കൊച്ചി ∙ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ 12 ഇടങ്ങളിൽ നടത്തിയ റെയ്ഡിന്റെ രണ്ടാംഘട്ട നടപടികളിലേക്ക് കടന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റെയ്ഡുമായി ബന്ധപ്പെട്ട റിവ്യൂ മീറ്റിങ് ഇന്ന് ചേരാനിരിക്കെ, പിടിച്ചെടുത്ത രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും വിശദമായി പരിശോധിക്കുന്ന നടപടികൾ ആരംഭിക്കും. ഇതിൽ വീണയുടെ ഫോൺ പരിശോധന നിർണായകമാകുമെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന സൂചന.

രേഖകളുടെ പരിശോധനയ്ക്ക് പിന്നാലെ വീണയ്ക്കും സിഎംആർഎല്ലുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികൾക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകാനാണ് നീക്കം. സിഎംആർഎൽ വിവിധ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട തെളിവുകൾ ഇതിനകം ഇ.ഡിക്ക് ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് കമ്മിഷൻ റിപ്പോർട്ടും, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണ റിപ്പോർട്ടും ഇ.ഡിയുടെ കൈവശമുണ്ട്. എസ്എഫ്ഐഒ റിപ്പോർട്ടിലെ പരാമർശങ്ങൾ അടുത്തിടെ ഹൈക്കോടതിയും പരാമർശിച്ചിരുന്നു.

മുമ്പ് തന്നെ സിഎംആർഎല്ലിലെ ഉന്നത ഉദ്യോഗസ്ഥരെ വിശദമായി ചോദ്യം ചെയ്ത ഇ.ഡി, നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സാലോജിക്കിന് പുറമെ നടന്ന മറ്റ് പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ ഏജൻസിക്ക് ലഭിച്ചത്. റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ ഈ വിവരങ്ങൾക്ക് കൂടുതൽ ശക്തി നൽകുന്നതാണെന്നാണ് ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

റെയ്ഡിനിടെ 242 അക്കൗണ്ടുകളിലായി 18.36 കോടി രൂപ ഇ.ഡി മരവിപ്പിച്ചിരുന്നു. റിവ്യൂ മീറ്റിങ്ങിന് ശേഷം സ്വത്ത് മരവിപ്പിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ട് അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിക്ക് കൈമാറും. തുടർന്ന് കൊച്ചി സോണൽ ഓഫിസ് ഇ.ഡി ഡയറക്ടറേറ്റിന് വിശദമായ അന്വേഷണ റിപ്പോർട്ടും സമർപ്പിക്കും.

അതിനു ശേഷമായിരിക്കും വീണ അടക്കമുള്ളവരെ ചോദ്യം ചെയ്യലിന് വിളിക്കുകയെന്നാണ് വിവരം. സിഎംആർഎല്ലിൽ നിന്ന് 2.72 കോടി രൂപ എക്സാലോജിക് കൈപ്പറ്റിയതുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ഫോൺ പരിശോധനയിൽ നിന്ന് ലഭിക്കുമെന്നാണ് ഇ.ഡിയുടെ പ്രതീക്ഷ. വീണയെക്കൊണ്ട് തന്നെ ഫോൺ തുറപ്പിച്ച് പരിശോധിക്കാനാണ് ആദ്യം ശ്രമിക്കുക. അതിന് സാധിക്കാത്ത പക്ഷം സാങ്കേതികമായി ഫോൺ അൺലോക്ക് ചെയ്യാനുമാണ് നീക്കം.

ഇതിനിടെ, ഇ.ഡി നടപടിക്കെതിരെ നൽകിയ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിഎംആർഎൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനൊരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. റെയ്ഡിനെ ചൂണ്ടിക്കാട്ടി ഇ.ഡിയുടെ തുടർ നടപടികൾ തടയാനുള്ള നിയമനടപടികളിലേക്കായിരിക്കും കമ്പനി നീങ്ങുക എന്നാണ് വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow