ഉത്തരവാദിത്തം നിർവഹിച്ചവർക്കെതിരായ പ്രതികാര നടപടി ഗൺമാനുൾപ്പെടെയുള്ളവരുടെ സസ്‌പെൻഷനിൽ യുഡിഎഫ് സർക്കാരിനെതിരെ സി.പി.ഐ.എം

May 27, 2026 - 09:50
May 27, 2026 - 10:10
 0
ഉത്തരവാദിത്തം നിർവഹിച്ചവർക്കെതിരായ പ്രതികാര നടപടി  ഗൺമാനുൾപ്പെടെയുള്ളവരുടെ സസ്‌പെൻഷനിൽ യുഡിഎഫ് സർക്കാരിനെതിരെ സി.പി.ഐ.എം

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ കടുത്ത വിമർശനവുമായി സി.പി.ഐ.എം. സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരമേറ്റയുടനെ ആരംഭിച്ചിരിക്കുന്ന രാഷ്ട്രീയ പ്രതികാര നടപടികൾ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് സി.പി.ഐ.എം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഔദ്യോഗിക പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം ആക്രമിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിക്കുക എന്ന തങ്ങളുടെ ഔദ്യോഗിക ഉത്തരവാദിത്തമാണ് പോലീസ് ഉദ്യോഗസ്ഥർ നിർവഹിച്ചത്. അതിനെതിരെ ഇപ്പോൾ നടക്കുന്നത് ശുദ്ധമായ പകപോക്കലാണ്. സർക്കാർ മാറിവരുമ്പോൾ ഇത്തരം വിഷയങ്ങളെ രാഷ്ട്രീയ പ്രതികാരത്തിന് ഉപയോഗിക്കുന്നത് ഒട്ടും ഉചിതമല്ലെന്നും പാർട്ടി കുറ്റപ്പെടുത്തി.

സംസ്ഥാന സർക്കാർ രാഷ്ട്രീയ താത്പര്യത്തോടെ പൊലീസിനെ ദുരുപയോഗിക്കുകയാണെന്നും എസ്.എഫ്.ഐക്കെതിരായ തുടർച്ചയായ ആക്രമണങ്ങൾ ഇതിന് ഉദാഹരണമാണെന്നും സി.പി.ഐ.എം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. നവകേരള സദസിനോടും എൽ.ഡി.എഫ് സർക്കാരിനോടും രാഷ്ട്രീയമായി വിയോജിക്കാനും ജനാധിപത്യപരമായി പ്രതിഷേധിക്കാനും എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ അന്ന് ആലപ്പുഴയിൽ നടന്നത് ജനാധിപത്യപരമായ പ്രതിഷേധമായിരുന്നില്ല. 

അധികാരം ലഭിച്ചാൽ ഉടൻ നടപ്പാക്കുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും തന്നെ നിലവിലെ സംസ്ഥാന സർക്കാരിന് നടപ്പിലാക്കാനാവുന്നില്ല. ഖജനാവ് കാലിയാണെന്ന് പറഞ്ഞ് നടന്നവർക്ക് ആറായിരം കോടിയോളം രൂപ ഖജനാവിലുണ്ടെന്ന യാഥാർത്ഥ്യം പുറത്തുവന്നതോടെ മറുപടിയില്ലാതായിരിക്കുകയാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാതെ വരുമ്പോൾ, അതിൽ നിന്നും പൊതുജനശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് സർക്കാർ ഇത്തരം അക്രമങ്ങളും പ്രതികാര നടപടികളും സ്വീകരിക്കുന്നതെന്നും സി.പി.ഐ.എം വ്യക്തമാക്കി.  

  നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ചവരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പൊലീസുകാരായ എസ്. സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവരെയാണ് കഴിഞ്ഞദിവസം ഉച്ചയോടെ സസ്‌പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ ചട്ടലംഘനമാണ് ഉണ്ടായതെന്നും ശക്തമായ വകുപ്പുതല നടപടി വേണമെന്നുമുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) ശുപാർശയെ തുടർന്നായിരുന്നു ഈ നടപടി. സസ്‌പെൻഷന് പുറമെ ഈ ഉദ്യോഗസ്ഥർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താനും തീരുമാനമായിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow