സിജെപിയെ ഔദ്യോഗിക രാഷ്ട്രീയ മുന്നണിയാക്കണം തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി യുവാവ്
ഡൽഹി: ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് രൂപംകൊണ്ട 'കോക്രോച്ച് ജനതാ പാര്‍ട്ടി'യെ (സിജെപി) ഔദ്യോഗിക രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി ഹരിയാന സ്വദേശിയായ യുവ അഭിഭാഷകൻ സുധിർ ജഖർ. പാർട്ടിയുടെ ദേശീയ കൺവീനറായി സ്വന്തം പേര് നിർദേശിച്ചാണ് സുധിർ അപേക്ഷ സമർപ്പിച്ചത്. എന്നാൽ, ഈ നീക്കത്തെ തള്ളി സിജെപി സ്ഥാപകനായ അഭിജിത് ദീപ്കെ രംഗത്തെത്തിയതോടെ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.
വിദേശത്തുള്ള അഭിജിത്തിനെപ്പറ്റി ആർക്കും കൃത്യമായ വിവരമില്ലെന്നും, യുവാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ സിജെപി ഒരു ഔദ്യോഗിക രാഷ്ട്രീയ സംഘടനയായി മാറണമെന്നുമാണ് അപേക്ഷ നൽകിയ സുധിറിന്റെ വാദം. ചെറുപ്പം മുതലുള്ള വിദ്യാർത്ഥി രാഷ്ട്രീയ അനുഭവ സമ്പത്തും കർഷക സമരങ്ങളിലെ പങ്കാളിത്തവും ചൂണ്ടിക്കാട്ടി പാർട്ടിയെ നയിക്കാൻ താൻ പൂർണ്ണ യോഗ്യനാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
കോടതി നടപടികള്‍ക്കിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ 'പാറ്റകളോടും പരാന്നഭോജികളോടും' ഉപമിച്ചതിൽ പ്രതിഷേധിച്ചാണ് ഈ ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണി ജനിക്കുന്നത്. യാതൊരു പണിയുമില്ലാതെ സോഷ്യൽ മീഡിയയിലും ആർടിഐ ആക്ടിവിസത്തിലും നടന്ന് സമൂഹത്തെ ആക്രമിക്കുന്ന ചില യുവാക്കൾ പാറ്റകളെപ്പോലെയാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം.
ഇതിനെതിരെ ഉയർന്ന വ്യാപക പ്രതിഷേധമാണ് 'യുവാക്കള്‍ക്കുവേണ്ടി, യുവാക്കളാല്‍' എന്ന മുദ്രാവാക്യമുയർത്തുന്ന സിജെപിയുടെ രൂപീകരണത്തിലേക്ക് നയിച്ചത്. 'സെക്യുലര്‍-സോഷ്യലിസ്റ്റ്-ഡെമോക്രാറ്റിക്-ലേസി' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ കൂട്ടായ്മ, ഭരണകൂടം ശ്രദ്ധിക്കാൻ മറന്നുപോയ മടിയന്മാരുടെയും തൊഴിൽരഹിതരുടെയും ശബ്ദമായാണ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സ്വയം അടയാളപ്പെടുത്തുന്നത്.
What's Your Reaction?



