ഇറാൻ തുറമുഖങ്ങൾക്ക് യുഎസ് ഉപരോധം; രാജ്യാന്തര വിപണിയിൽ എണ്ണവില 100 ഡോളർ കടന്നു

അന്താരാഷ്ട്ര വിപണിയിൽ ബെന്റ് ക്രൂഡ് ഓയിൽ വില ഏഴ് ശതമാനം വർദ്ധിച്ച് ബാരലിന് 102.29 ഡോളറിലെത്തി

Apr 13, 2026 - 09:58
Apr 13, 2026 - 09:58
 0
ഇറാൻ തുറമുഖങ്ങൾക്ക് യുഎസ് ഉപരോധം; രാജ്യാന്തര വിപണിയിൽ എണ്ണവില 100 ഡോളർ കടന്നു

വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ കർശന ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയും ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളർ കടക്കുകയും ചെയ്തു. ഇറാനിലേക്കോ പുറത്തേക്കോ ഉള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തടയാനാണ് അമേരിക്കൻ നീക്കം. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്.

അന്താരാഷ്ട്ര വിപണിയിൽ ബെന്റ് ക്രൂഡ് ഓയിൽ വില ഏഴ് ശതമാനം വർദ്ധിച്ച് ബാരലിന് 102.29 ഡോളറിലെത്തി. സമാധാന നീക്കങ്ങൾ പാളിയത് വിപണിയിൽ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇറാൻ തുറമുഖങ്ങളിലേക്ക് പോകുന്നതോ അവിടെ നിന്ന് വരുന്നതോ ആയ എല്ലാ കപ്പലുകളെയും നിരീക്ഷിക്കുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇതിൽ ഒരു രാജ്യത്തിനും ഇളവ് നൽകില്ലെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. അതേസമയം, ഹോർമുസ് കടലിടുക്ക് വഴി മറ്റ് രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളെ തടയില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. അമേരിക്കയുടെ ഉപരോധ ഭീഷണിയെ പരിഹസിച്ചുകൊണ്ടാണ് ഇറാൻ രംഗത്തെത്തിയത്. ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ ചിരിക്കാൻ മാത്രമുള്ളതാണെന്ന് ഇറാൻ നേവി കമാൻഡർ അഡ്മിറൽ ഷഹറാം ഇറാനി പറഞ്ഞു. മേഖലയിലെ യുഎസ് സൈനിക നീക്കങ്ങൾ തങ്ങളുടെ സേന സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow