വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 500 ശതമാനം താരിഫ് ചുമത്താനുള്ള പുതിയ ഉപരോധ ബില്ലിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ പച്ചക്കൊടി. ഇതു സംബന്ധിച്ച ബില്ലിന് അംഗീകാരം നൽകി. ഈ നീക്കം ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയെ നേരിട്ട് ബാധിക്കുകയും വാഷിംഗ്ടണുമായുള്ള വ്യാപാര ബന്ധത്തെ കൂടുതൽ വഷളാക്കുകയും ചെയ്യും.
റഷ്യ സാങ്ഷൻസ് ബില്ലിന് ട്രംപ് അനുമതി നൽകിയെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ആയ ലിൻഡ്‌സി ഗ്രഹാം ആണ് വെളിപ്പെടുത്തിയത്. ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളെ പ്രധാനമായും ലക്ഷ്യമിടുന്നതാണ് ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ ഇറക്കുമതി താരിഫ് ബിൽ.
പുതിയ ബിൽ പ്രകാരം റഷ്യയിൽ നിന്ന് യുറേനിയം അല്ലെങ്കിൽ എണ്ണ, അല്ലെങ്കിൽ മറ്റേതെങ്കിലും വസ്തുക്കൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കു മേലാണ് 500 ശതമാനം തീരുവ പ്രഖ്യാപിക്കുക. റഷ്യയുടെ യുദ്ധസന്നാഹങ്ങൾക്കുള്ള സാമ്പത്തിക സ്രോതസ്സ് തടയുക എന്ന ലക്ഷ്യത്തോടെയാണ് യു എസ് കോൺഗ്രസിൽ ഈ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യക്കെതിരെയടക്കം ട്രംപ് ഭീഷണി തുടരുകയാണ്. ഈ സമയത്താണ് പുതിയ ബില്ലിന് ട്രംപ് അനുമതി നൽകുന്നത്.