ന്യൂയോര്‍ക്ക്: നിങ്ങളുടെ ഉറക്ക ഡാറ്റയെ മാത്രം അടിസ്ഥാനമാക്കി രോഗങ്ങളുടെ സാധ്യത പ്രവചിക്കാൻ കഴിയുന്ന പുതിയ ഒരു എഐ മോഡൽ വികസിപ്പിച്ചെടുത്ത് ഗവേഷകർ. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്.
രാത്രികാലങ്ങളിലെ ഉറക്കത്തെ വിശകലനം ചെയ്ത് കാൻസർ, ഹൃദയാഘാതം ഉൾപ്പെടെ നൂറിലധികം രോഗങ്ങളുടെ സാധ്യത മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന മാതൃകയാണിത്. ഈ നിർമ്മിത ബുദ്ധിയുടെ പേര് സ്ലീപ് എഫ്എം എന്നാണ്.
65,000 ആളുകളിൽ നിന്നുള്ള ഏകദേശം 600,000 മണിക്കൂർ ഉറക്ക ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ മോഡൽ പരിശീലിപ്പിച്ചത്. നെയ്ചർ മെഡിസിൻ ജേണലിൽ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലഭിച്ച ഡാറ്റകൾ ഒരു സ്ലീപ്പ് ക്ലിനിക്കിൽ നിന്ന് ശേഖരിച്ച ആരോഗ്യ രേഖകളുമായി സംയോജിപ്പിച്ചതിലൂടെ ആയിരത്തിലധികം രോഗങ്ങൾ ഗവേഷകർക്ക് വിശകലനം ചെയ്യാനായിട്ടുണ്ട്.
ഉറക്കത്തിനിടയിലെ ശരീരത്തിൻ്റെ സൂക്ഷ്മമായ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിലൂടെ ആരോഗ്യസ്ഥിതി കൃത്യമായി നിർണ്ണയിക്കാൻ കഴിയുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. 130 രോഗങ്ങൾ കൃത്യതയോടെ കണ്ടെത്താൻ കഴിഞ്ഞുവെന്നാണ് ഇവർ അവകാശപ്പെടുന്നത്.