'പശ്ചാത്തലമോ ചർമ്മത്തിന്റെ നിറമോ കാരണം ആരും ഭയപ്പെടേണ്ടി വരില്ല': ബ്രിട്ടീഷ് പ്രധാനമന്ത്രി
സഹിഷ്ണുത, വൈവിധ്യം, ബഹുമാനം എന്നിവയിൽ അഭിമാനത്തോടെ കെട്ടിപ്പടുത്ത രാഷ്ട്രമാണ് ബ്രിട്ടണെന്ന് പ്രധാനമന്ത്രി

ലണ്ടൻ: അക്രമത്തിന്റെയും ഭയത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമായി ഉപയോഗിക്കാൻ ബ്രിട്ടീഷ് പതാക വിട്ടുകൊടുക്കില്ലെന്ന് കെയർ സ്റ്റാർമർ പറഞ്ഞു. ബ്രിട്ടൻ്റെ പതാക വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നതാണ്. ഈ രാജ്യത്തിൻ്റെ തെരുവുകളിൽ പശ്ചാത്തലമോ ചർമ്മത്തിന്റെ നിറമോ കാരണം ആരും ഭയപ്പെടുന്ന സാഹചര്യം അനുവദിക്കില്ല.
സഹിഷ്ണുത, വൈവിധ്യം, ബഹുമാനം എന്നിവയിൽ അഭിമാനത്തോടെ കെട്ടിപ്പടുത്ത രാഷ്ട്രമാണ് ബ്രിട്ടണെന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. തീവ്ര വലതുപക്ഷ സംഘടനയുടെ കുടിയേറ്റ വിരുദ്ധ മാർച്ചിൽ ഒന്നര ലക്ഷം പേർ പങ്കെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
രാജ്യത്തെ തീവ്ര വലതുപക്ഷവാദിയായ ടോമി റോബിൻസണിൻ്റെ നേതൃത്വത്തിൽ ചെറു സംഘങ്ങളായി എത്തിയ ഒരു ലക്ഷത്തിൽപരം ജനമാണ് ലണ്ടൻ നഗരത്തിൽ പ്രതിഷേധിച്ചത്. ഇവർക്കെതിരെ നഗരത്തിൽ പലയിടത്തായി അണിനിരന്നവരുമായി സംഘർഷമുണ്ടാകുന്നത് തടയാൻ ശ്രമിച്ച പോലീസുകാർ ക്രൂര മർദനത്തിന് ഇരയായി. ആയിരത്തോളം പോലീസുകാരാണ് റാലിയെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നതെന്നാണ് വിവരം. പ്രതിഷേധക്കാരുടെ മർദനത്തിൽ 26 പോലീസുകാർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്.
What's Your Reaction?






