യു.പി.ഐ. പണമിടപാടുകളുടെ പരിധി പത്തുലക്ഷം; നടപടി നാളെ മുതല്‍ പ്രാബല്യത്തില്‍
ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ അനായാസം ചെയ്യുന്നതിന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചട്ടത്തില്‍ മാറ്റം വരുത്തുകയായിരുന്നു

ന്യൂഡല്‍ഹി: യു.പി.ഐ വഴി തെരഞ്ഞെടുത്ത കാറ്റഗറിയിലുള്ള പണമിടപാടുകളുടെ പരിധി ഉയര്‍ത്തിയ നടപടി നാളെ (തിങ്കളാഴ്ച, സെപ്തംബര്‍ 15) മുതല്‍ പ്രാബല്യത്തില്‍. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടേതാണ് നടപടി. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ അനായാസം ചെയ്യുന്നതിന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചട്ടത്തില്‍ മാറ്റം വരുത്തുകയായിരുന്നു.
നികുതി പേയ്‌മെന്റ്, ഇന്‍ഷുറന്‍സ് പ്രീമിയം, ഇ.എം.ഐ, മൂലധന വിപണി നിക്ഷേപം തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്കായാണ് പരിധി ഉയര്‍ത്തിയത്. ഇത്തരം ഇടപാടുകള്‍ക്കായി 24 മണിക്കൂറിനകം യു.പി.ഐ വഴി 10 ലക്ഷം രൂപ വരെ കൈമാറാന്‍ സാധിക്കും. പേഴ്സണ്‍ ടു മര്‍ച്ചന്റ് പേയ്മെന്റുകള്‍ക്കാണ് (P2M) ഇതിന്റെ പ്രയോജനം ലഭിക്കുക. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് കൈമാറുന്ന പേഴ്സണ്‍ ടു പേഴ്സണ്‍ (P2P) ഇടപാട് പരിധി പഴയതുപോലെ ഒരു ദിവസം ഒരു ലക്ഷം എന്നതില്‍ മാറ്റമില്ല.
മൂലധന വിപണി നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പേയ്‌മെന്റുകള്‍ക്കും ഓരോ ഇടപാടിനും ഉണ്ടായിരുന്ന രണ്ടു ലക്ഷം എന്ന പരിധി അഞ്ചു ലക്ഷമായി ഉയര്‍ത്തി. എന്നാല്‍ മൊത്തത്തില്‍ 24 മണിക്കൂറിനുള്ളില്‍ പരമാവധി 10 ലക്ഷം രൂപ വരെ ഇത്തരത്തില്‍ കൈമാറാന്‍ അനുവദിക്കുന്നതാണ് പുതിയ ചട്ടം.
What's Your Reaction?






