വിജയ് ചിത്രം 'ജനനായകൻ' ചോർന്ന സംഭവം; ആറുപേർ പിടിയിൽ; 300 ഓളം ലിങ്കുകൾ നീക്കം ചെയ്തു
അറസ്റ്റിലായവരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ചെന്നൈ: തമിഴ് നടൻ വിജയ് നായകനായ 'ജനനായകൻ' എന്ന സിനിമ ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ ആറുപേരെ തമിഴ്‌നാട് സൈബർ ക്രൈം വിങ് അറസ്റ്റ് ചെയ്തു. സിനിമയുടെ നിർമ്മാതാക്കളായ കെ.വി.എൻ. പ്രൊഡക്ഷൻസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അറസ്റ്റിലായവരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സിനിമയുമായി ബന്ധപ്പെട്ട ലിങ്കുകൾ പ്രചരിപ്പിച്ച 300-ഓളം വെബ്സൈറ്റുകളും പ്ലാറ്റ്‌ഫോമുകളും ഇതിനോടകം അധികൃതർ നീക്കം ചെയ്തിട്ടുണ്ട്. ക്ലൗഡ് സ്റ്റോറേജ് പ്ലാറ്റ്‌ഫോമുകൾ വഴി സിനിമയുടെ ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ച ആറുപേരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇവരിൽ നിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തു.
ഭാരതീയ ന്യായ സംഹിത, ഐടി ആക്ട്, പകർപ്പവകാശ നിയമം, സിനിമാറ്റോഗ്രഫി ആക്ട് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആകെ 21 പേർക്കെതിരെയാണ് നിർമ്മാതാക്കൾ പരാതി നൽകിയിട്ടുള്ളത്. സിനിമ ഓൺലൈനിൽ പ്രചരിക്കുന്നത് ബോക്സ് ഓഫീസ് കളക്ഷനെ സാരമായി ബാധിക്കുമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പൈറസിക്കെതിരെ സിനിമാ ലോകത്തുനിന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
സിനിമ ചോർന്ന സംഭവത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് സെൻട്രൽ ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് (CBFC) വ്യക്തമാക്കി. അതീവ സുരക്ഷിതമായ 'കീ ഡെലിവറി മെസേജ്' (KDM) സംവിധാനം വഴിയാണ് സിനിമകൾ കൈകാര്യം ചെയ്യുന്നതെന്നും പാസ്‌വേഡ് ഇല്ലാതെ ഇത് ആർക്കും കാണാൻ സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.
What's Your Reaction?