നിതിന്‍ രാജിന്റെ മരണം ;പ്രതിഷേധം ഭയന്ന് കോളജിന് അവധി ,അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥികളുടെ 'വെളിപ്പെടുത്തല്‍ യുദ്ധം'

Apr 13, 2026 - 11:42
Apr 13, 2026 - 11:42
 0
നിതിന്‍ രാജിന്റെ മരണം ;പ്രതിഷേധം ഭയന്ന് കോളജിന് അവധി ,അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥികളുടെ  'വെളിപ്പെടുത്തല്‍ യുദ്ധം'

കണ്ണൂർ: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ പ്രതിഷേധം ഇരമ്പുന്നു. വിദ്യാർത്ഥി രോഷം ഭയന്ന് ഒന്നും രണ്ടും മൂന്നും വർഷ വിദ്യാർത്ഥികൾക്ക് കോളജ് അധികൃതർ നിർബന്ധിത അവധി നൽകി. ഇന്നു മുതൽ ഏപ്രിൽ 15 വരെയാണ് അവധി. വോട്ട് ചെയ്യാൻ ഒരു ദിവസം അവധി ചോദിച്ചപ്പോൾ നൽകാതിരുന്ന അധികൃതർ, ഇപ്പോൾ വിഷു പ്രമാണിച്ച് പെട്ടെന്ന് അവധി പ്രഖ്യാപിച്ചത് കോളജിലെ പീഡനവിവരങ്ങൾ പുറംലോകം അറിയാതിരിക്കാനാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

സസ്പെൻഷനിലായ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവർക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് സീനിയർ വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്.

കോളജിലുള്ള അവസാന വർഷ വിദ്യാർത്ഥികൾ ഇന്ന് ക്ലാസുകൾ ബഹിഷ്കരിച്ച് പ്രതിഷേധിക്കും. പീഡനങ്ങൾ സഹിക്കവയ്യാതെയാണ് തങ്ങൾ തെരുവിലിറങ്ങുന്നതെന്ന് ഇവർ പറയുന്നു.

സ്വന്തം സഹപാഠി മരിച്ചിട്ടും ഒരു അനുശോചന യോഗം പോലും ചേരാൻ കോളജ് അധികൃതർ തയ്യാറായില്ലെന്നത് വിദ്യാർത്ഥികളെ കൂടുതൽ പ്രകോപിതരാക്കി.

സംഭവത്തിൽ ചക്കരക്കൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

നിതിൻ രാജ് വീണുകിടക്കുന്നത് ആദ്യം കണ്ട ആശുപത്രി ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് ലൈബ്രറി കെട്ടിടത്തിന് സമീപം നിതിനെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

നിതിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് ഇന്ന് കോടതിയിൽ ഹാജരാക്കും. ഫോണിലെ ശബ്ദരേഖകളും സന്ദേശങ്ങളും കേസിലെ നിർണ്ണായക തെളിവുകളാകും.

വലിയ ജനവലിയുടെ സാന്നിധ്യത്തിലായിരുന്നു നിതിൻ രാജിന്റെ സംസ്കാരം നടന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ ജി.ആർ. അനിൽ, വി. ശിവൻകുട്ടി തുടങ്ങിയവർ നിതിന്റെ വീട് സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും ശക്തമായിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow