ചോക്ലേറ്റിനേക്കാൾ വില്ലൻ ബിസ്ക്കറ്റ്; പല്ലുകൾ വേഗത്തിൽ നശിക്കാൻ കാരണമായേക്കാം

ബിസ്ക്കറ്റിലെ പഞ്ചസാരയും കാർബോഹൈഡ്രേറ്റും വായിൽ ഒരു അസിഡിക് അന്തരീക്ഷം സൃഷ്ടിക്കുന്നു

Apr 12, 2026 - 22:13
Apr 12, 2026 - 22:13
 0
ചോക്ലേറ്റിനേക്കാൾ വില്ലൻ ബിസ്ക്കറ്റ്; പല്ലുകൾ വേഗത്തിൽ നശിക്കാൻ കാരണമായേക്കാം

കുട്ടികൾക്ക് പല്ലു കേടാകുമെന്ന് കരുതി ചോക്ലേറ്റ് നൽകാത്ത മാതാപിതാക്കൾ പലപ്പോഴും അതിലും വലിയ അപകടകാരിയായ ബിസ്ക്കറ്റുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ ചോക്ലേറ്റിനേക്കാൾ പല്ലുകൾക്ക് ഹാനികരമാകുന്നത് ബിസ്ക്കറ്റുകളാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ബിസ്ക്കറ്റുകൾ പല്ലുകളുടെ ഇനാമലിനെ ദോഷകരമായി ബാധിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കാം. ബിസ്ക്കറ്റുകൾ പല്ലുകളിലും മോണകളിലും എളുപ്പത്തിൽ പറ്റിപ്പിടിച്ചിരിക്കും. വായ കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ ഇവ അവിടെയിരുന്ന് ബാക്ടീരിയകൾ പെരുകാൻ കാരണമാകും.
 
ബിസ്ക്കറ്റിലെ പഞ്ചസാരയും കാർബോഹൈഡ്രേറ്റും വായിൽ ഒരു അസിഡിക് അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത് പല്ലിന്റെ പുറംകവചമായ ഇനാമൽ നശിപ്പിക്കുകയും വേഗത്തിൽ പോടുകൾ (Cavities) ഉണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു.

ബിസ്ക്കറ്റുകളെ അപേക്ഷിച്ച് ചോക്ലേറ്റുകൾ കൂടുതൽ മൃദുവാണ്. ഇവ ഉമിനീരിൽ വേഗത്തിൽ അലിഞ്ഞുപോകുന്നു. പ്രത്യേകിച്ച് ഡാർക്ക് ചോക്ലേറ്റുകളിൽ ദോഷകരമായ ബാക്ടീരിയകളെ തടയാൻ സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.

പല്ലുകൾ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ടവ:

ബിസ്ക്കറ്റുകളും ചോക്ലേറ്റുകളും പതിവായി ലഘുഭക്ഷണമായി കഴിക്കുന്നത് ഒഴിവാക്കുക.

മധുരമുള്ളതോ പറ്റിപ്പിടിക്കുന്നതോ ആയ ഭക്ഷണങ്ങൾ കഴിച്ച ശേഷം നിർബന്ധമായും വായ നന്നായി കഴുകുകയോ പല്ലുതേയ്ക്കുകയോ ചെയ്യണം.

ചോക്ലേറ്റ് കഴിക്കാൻ താല്പര്യമുള്ളവർ ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കുന്നതാണ് പല്ലുകളുടെ ആരോഗ്യത്തിന് താരതമ്യേന നല്ലത്.

ലഘുഭക്ഷണങ്ങൾ കഴിക്കുമ്പോൾ കൂടെ പാലും നട്‌സും ഉൾപ്പെടുത്തുന്നത് പല്ലുകൾക്കുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ സഹായിക്കും.

കൃത്യമായ ഇടവേളകളിൽ ദന്തപരിശോധന നടത്തുകയും ദിവസവും രണ്ടുനേരം പല്ലുതേയ്ക്കുകയും ചെയ്യുന്നത് ശീലമാക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow