നിതിൻ രാജിന്റെ മരണം: കോളേജ് അധികൃതരുടെയും അധ്യാപകരുടെയും മൊഴിയെടുക്കാൻ പോലീസ്

ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം.കെ. റാം ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പ്രേരണാകുറ്റം ചുമത്തിയിരിക്കുന്നത്

Apr 14, 2026 - 10:08
Apr 14, 2026 - 10:08
 0
നിതിൻ രാജിന്റെ മരണം: കോളേജ് അധികൃതരുടെയും അധ്യാപകരുടെയും മൊഴിയെടുക്കാൻ പോലീസ്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജ് അധികൃതരുടെയും അധ്യാപകരുടെയും മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചു. കേസിൽ പ്രതികളായ അധ്യാപകർ ഇപ്പോഴും ഒളിവിലായ സാഹചര്യത്തിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം.കെ. റാം ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പ്രേരണാകുറ്റം ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. വകുപ്പ് മേധാവി ഉൾപ്പെടെയുള്ള രണ്ട് പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയാണ്. വിദ്യാർത്ഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി നിതിൻ രാജിന്റെ സഹപാഠികൾ മൊഴി നൽകിയിട്ടുണ്ട്.

നിതിൻ രാജിന് ലോൺ ആപ്പ് മാഫിയയിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, തിരിച്ചടവ് കൃത്യമായി നടത്തിയിരുന്നെന്നും ഇത് ആത്മഹത്യക്ക് കാരണമാകില്ലെന്നുമാണ് കുടുംബത്തിന്റെ നിലപാട്. മരണകാരണം വഴിതിരിച്ചുവിടാൻ മാനേജ്‌മെന്റ് ശ്രമിക്കുന്നതായും ആരോപണമുണ്ട്.

നിതിൻ രാജിനെതിരെ ജാതി അധിക്ഷേപവും റാഗിംഗും നടന്നിട്ടുണ്ടോ എന്ന കാര്യവും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നിതിന്റെ മാതാപിതാക്കളുടെ മൊഴി പോലീസ് ഇതിനകം രേഖപ്പെടുത്തി കഴിഞ്ഞു.

കോളേജിലെ അധ്യാപകരിൽ നിന്ന് നിരന്തരമായ പീഡനം നേരിടേണ്ടി വരുന്നുവെന്ന പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കോളേജ് അധികൃതരെയും മാനേജ്‌മെന്റ് പ്രതിനിധികളെയും പോലീസ് വിശദമായി ചോദ്യം ചെയ്യും.

What's Your Reaction?

like

dislike

love

funny

angry

sad

wow