ഇന്ന് ഓശാന ഞായർ; വിശുദ്ധ വാരത്തിന് തുടക്കം; പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക കുർബാനയും
സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും നടന്നുവരുന്നു
കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കുന്ന ഈ ദിനത്തോടെ ക്രൈസ്തവ വിശ്വാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ വാരത്തിന് തുടക്കമായി. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും നടന്നുവരുന്നു.
യേശുവിനെ ഒലിവ് മരച്ചില്ലകൾ വീശി ജറുസലേം ജനത വരവേറ്റതിന്റെ സ്മരണ പുതുക്കി വിശ്വാസികൾ കുരുത്തോലകൾ ഏന്തി 'ഓശാന' പാടി പ്രദക്ഷിണങ്ങളിൽ പങ്കുചേരുന്നു. ഇതോടെ നോമ്പുകാലത്തെ ഏറ്റവും ഭക്തിനിർഭരമായ അവസാന ആഴ്ചയിലേക്കാണ് വിശ്വാസികൾ പ്രവേശിക്കുന്നത്.
എറണാകുളം സെന്റ് മേരീസ് ബസലിക്ക: സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നു. സെന്റ് ഫ്രാൻസിസ് കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. കുരുത്തോല വെഞ്ചരിപ്പ്, ഭക്തിനിർഭരമായ പ്രദക്ഷിണം, വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയാണ് എല്ലാ പ്രധാന ദേവാലയങ്ങളിലും നടക്കുന്നത്. ഓശാന ഞായറിന് ശേഷം വരുന്ന ഈ ആഴ്ചയിലെ പ്രധാന ദിനങ്ങൾ പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ എന്നിവയാണ്.
What's Your Reaction?