ഡൽഹി: രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിച്ചെന്നും ഹിന്ദു ജനസംഖ്യ കുറഞ്ഞെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്ലിം ജനസംഖ്യ 24.6 ശതമാനം വർധിച്ചു. പക്ഷെ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു. രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിക്കാൻ കാരണം നുഴഞ്ഞുകയറ്റമാണെന്ന് അമിത് ഷാ വ്യക്തമാക്കി.
ഡൽഹിയിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അമിത് ഷായുടെ പരാമർശം. രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിക്കാൻ കാരണം പ്രത്യുൽപാദന നിരക്ക് വർധിച്ചതല്ല. പാകിസ്താനിൽനിന്നും ബംഗ്ലാദേശിൽനിന്നമുള്ള നുഴഞ്ഞുകയറ്റമാണ് ഇതിനു കാരണമെന്നും അമിത് ഷാ പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുകയും അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. അനധികൃതമായി പ്രവേശിച്ചവരെ മാതൃരാജ്യത്തേക്ക് നാടുകടത്തുമെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ, മതത്തിന്റെ അടിസ്ഥാനത്തിൽ പാകിസ്താൻ ഇരുവശത്തും രൂപപ്പെട്ടു, പിന്നീട് അത് ബംഗ്ലാദേശും പാകിസ്താനും ആയി വിഭജിക്കപ്പെട്ടു. ഇരുവശത്തുനിന്നുമുള്ള നുഴഞ്ഞുകയറ്റമാണ് ജനസംഖ്യയിൽ ഇത്രയും വലിയ മാറ്റത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.