നടനും സംവിധായകനും നിര്‍മാതാവുമായ മനോജ് കുമാര്‍ അന്തരിച്ചു
കുറച്ച് നാളുകളായി കരള്‍ സംബന്ധമായ രോഗങ്ങളും അലട്ടിയിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈ: നടനും സംവിധായകനും നിര്‍മാതാവുമായ മനോജ് കുമാര്‍ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് മുംബൈയിലെ കോകില ബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തെ കുറച്ച് നാളുകളായി കരള്‍ സംബന്ധമായ രോഗങ്ങളും അലട്ടിയിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേശസ്‌നേഹം പ്രമേയമായ ചിത്രങ്ങളിലൂടെയാണ് മനോജ് കുമാര്‍ പ്രശസ്തി നേടിയിട്ടുള്ളത്. ഈ സിനിമകള്‍ ഭാരത് കുമാര്‍ എന്ന പേരും അദ്ദേഹത്തിന് നേടിക്കൊടുത്തു. ഉപ്കാര്‍, ഷഹീദ്, പുരബ് ഔര്‍ പശ്ചിമ്, ക്രാന്തി, റോട്ടി കപട ഔര്‍ മകാന്‍, ഷോര്‍, ഗുംനാം, രാജ് കപൂര്‍ സംവിധാനം ചെയ്ത് നായകവേഷത്തിലെത്തിയ മേരാ നാം ജോക്കര്‍ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്. 1937-ല്‍ അബോട്ടാബാദിലാണ് (പാകിസ്താന്‍) ജനനം. യഥാര്‍ഥ പേര് ഹരികൃഷ്ണന്‍ ഗോസാമി എന്നായിരുന്നു.
What's Your Reaction?






