നടൻ രവികുമാർ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്രനടൻ രവികുമാർ (71) അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ്. 150ഓളം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
1970കളിലും 80 കളിലും നായക, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്താണ് രവികുമാർ ശ്രദ്ധേയനാകുന്നത്. മധുവിനെ നായകനാക്കി എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976ൽ റിലീസ് ചെയ്ത 'അമ്മ' എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്.
അലാവുദ്ദീനും അത്ഭുതവിളക്കും, നീലത്താമര, അവളുടെ രാവുകൾ, അങ്ങാടി, സ്ഫോടനം, ടൈഗർ സലീം, അമർഷം , ലിസ, മദ്രാസിലെ മോൻ, കൊടുങ്കാറ്റ്, സൈന്യം, കള്ളനും പൊലീസും തുടങ്ങി ധാരാളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും മികവ് തെളിയിച്ചു.
What's Your Reaction?






