50000 കുട്ടികൾക്ക് ‘ഇക്കോ സെൻസ് സ്‌കോളർഷിപ്പ്’ പദ്ധതിക്ക് തുടക്കം

തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് നവംബർ 14ന് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഹരിതസഭയിൽ പ്രഖ്യാപിക്കും

Oct 11, 2025 - 17:41
Oct 11, 2025 - 17:41
 0
50000 കുട്ടികൾക്ക് ‘ഇക്കോ സെൻസ് സ്‌കോളർഷിപ്പ്’ പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: സ്‌കൂൾക്കുട്ടികളെ ‘മാലിന്യമുക്തം നവകേരളം’ ദൗത്യത്തിന്റെ മുന്നണിപ്പോരാളികളാക്കിമാറ്റുന്ന ‘ഇക്കോ സെൻസ്’  വിദ്യാർത്ഥി ഹരിതസേന സ്‌കോളർഷിപ്പ് പദ്ധതിക്ക് തുടക്കമായി. ഇതിനുള്ള രജിസ്‌ട്രേഷൻ സ്‌കൂളുകളിൽ ആരംഭിച്ചു. മാലിന്യ പരിപാലനത്തിൽ നൂതനചിന്തയും താൽപ്പര്യവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കുന്നതിന് തദ്ദേശ സ്വയംഭരണവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും  ശുചിത്വമിഷനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിൽ വീട്ടിലും നാട്ടിലും അനുകൂലമായ മനോഭാവമാറ്റങ്ങൾ ഉണ്ടാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
 
ഒറ്റത്തവണ ഉപയോഗിക്കുന്നതരം വസ്തുക്കൾ കഴിയുന്നതും ഒഴിവാക്കൽ, അളവു കുറയ്ക്കൽ, വീണ്ടും ഉപയോഗിക്കൽ, ഉപയോഗയോഗ്യമായ മറ്റു വസ്തുക്കളാക്കി മാറ്റൽ എന്നിങ്ങനെയുള്ള ശീലങ്ങൾ കുട്ടികളിലൂടെ സമൂഹത്തിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമാണ്. 6, 7, 8, 9 ക്ലാസ്സുകളിലെയും, ഒന്നാം വർഷ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറിയിലേയും വിദ്യാർഥി/ വിദ്യാർഥിനികളെയാണ് സ്‌കോളർഷിപ്പിനു പരിഗണിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാർഥിക്കും 1500 രൂപ സ്‌കോളർഷിപ്പ് തുകയും സർട്ടിഫിക്കറ്റും നൽകും. സംസ്ഥാന സിലബസ് പിന്തുടരുന്ന സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥി/വിദ്യാർത്ഥിനികൾക്കാണ് ഈ പദ്ധതിയിൽ ചേരാൻ കഴിയുന്നത്.
 
തെരഞ്ഞെടുക്കപ്പെടുന്നവരുടെ  ലിസ്റ്റ് നവംബർ 14ന് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഹരിതസഭയിൽ പ്രഖ്യാപിക്കും. ഇവർ നവംബർ, ഡിസംബർ മാസങ്ങളിൽ വ്യക്തിഗതവും ഗ്രൂപ്പുചേർന്നുമുള്ള മാലന്യമുക്ത പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു നടപ്പാക്കും.  അത്തരം പ്രവർത്തനങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിന് 2026 ജനുവരി 26-ന് ഓരോ തദ്ദേശ സ്ഥാപനത്തിലും ‘ശുചിത്വ പഠനോത്സവം’ നടക്കും. ഈ രംഗത്തെ മികച്ച വിദ്യാലയങ്ങൾക്ക് പുരസ്‌കാരവും നൽകും. വിശദവിവരങ്ങൾ ശുചിത്വമിഷൻ വെബ്‌സൈറ്റിലോ (https://www.suchitwamission.org/) സോഷ്യൽമീഡിയ പേജുകളിലോ ലഭിക്കും.
 
 
 
 

What's Your Reaction?

like

dislike

love

funny

angry

sad

wow