രാജ്യത്ത് ആദ്യം: സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്
സ്ത്രീകൾക്കായി സൗജന്യ പരിശോധനകൾ

തിരുവനന്തപുരം: എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളിൽ സ്ത്രീകൾക്കായി പ്രത്യേക വെൽനസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിളർച്ച, പ്രമേഹം, രക്താതിമർദം, കാൻസർ സ്ക്രീനിംഗ് തുടങ്ങിയവയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താനും ഈ ക്ലിനിക്കുകളിലൂടെ സാധിക്കുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബർ 16ന് നടക്കും. പരമാവധി സ്ത്രീകൾ വെൽനസ് ക്ലിനിക്കുകളിൽ വന്ന് ആരോഗ്യ പരിശോധന നടത്തണം. അതിനവരെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഫേസ്ബുക്ക് ലൈവിലൂടെ ആരോഗ്യ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ കാലഘട്ടത്തിൽ ഒട്ടേറെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ആരോഗ്യ മേഖലയ്ക്കായി. കേരളത്തിലെ ശിശു മരണനിരക്ക് അമേരിക്കൻ ഐക്യനാടുകളിലെ ശിശു മരണ നിരക്കിനെക്കാളും കുറഞ്ഞതായി. ഈ നേട്ടത്തിനായി പ്രയത്നിച്ച എല്ലാ ആരോഗ്യ പ്രവർത്തകരേയും അഭിനന്ദിക്കുന്നു. ആരോഗ്യ മേഖലയിൽ കൈവരിക്കുന്ന ഓരോ റെക്കോർഡും അടുത്ത വർഷം കൂടുതൽ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം കേരളം നേരത്തെ തന്നെ കണ്ടുപിടിക്കുന്നുണ്ട്. വളരെ ഉയർന്ന മരണനിരക്കുള്ള രോഗത്തിൽ നിന്നും അനേകം പേരെ രക്ഷിക്കാനും മരണ നിരക്ക് ഗണ്യമായി കുറയ്ക്കാനും സാധിച്ചു. പ്രോട്ടോകോൾ തയ്യാറാക്കുകയും മസ്തിഷ്ക ജ്വരം ബാധിച്ചവർക്ക് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ പരിശോധനകൾ കൂടി നടത്തുകയും ചെയ്യുന്നു. ഇതിലൂടെ പലരേയും രക്ഷിക്കാനായി.
ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരാണ് ആരോഗ്യ മേഖലയിലുള്ളത്. ഈ സർക്കാരിന്റെ കാലത്ത് 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചു. 885 കുടുംബാരോഗ്യ കേന്ദ്രങ്ങളുണ്ട്. താലൂക്ക് തലംമുതൽ സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കി. സ്ത്രീകളുടെ ആരോഗ്യത്തിന് പ്രത്യേക പ്രാധാന്യം നൽകി. കാൻസർ സ്ക്രീനിംഗിനായി പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചു. 18 ലക്ഷത്തിലധികം പേരെ സ്ക്രീൻ ചെയ്തു. വിളർച്ച പരിഹരിക്കുന്നത് വിവ കേരളം ക്യാമ്പയിൻ ആരംഭിച്ചു. ഇതിന് പിന്നാലെയാണ് പ്രത്യേക വെൽനസ് ക്ലിനിക്കുകൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
What's Your Reaction?






