കാനഡയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശോഭിക്കുന്നവർക്കുള്ള ഏറ്റവും മികച്ച അവാർഡായ, ലാക്കോംബ്, ആൽബെർട്ട നൈറ്റ്സ് ഓഫ് കൊളംബസ് കൗൺസിൽ നൽകുന്ന 2024 - 2025 വർഷത്തെ ഗ്രാൻഡ് നൈറ്റ് അവാർഡ്, മണ്ണാർകാട് കാഞ്ഞിരപ്പുഴ സ്വദേശിയും, ക്യാനഡ മലയാളിയുമായ ഫ്രാൻസിസ് ജോസഫിന് ലഭിച്ചു. ലാക്കോംബ് നഗരത്തിലും, കാനഡയിലും സമൂഹ്യ സേവനത്തിലും,മറ്റ് മേഖലകളിലുള്ള നേതൃപാടവത്തിലും ഫ്രാൻസിസ് ജോസഫ് കാഴ്ചവെച്ച സമർപ്പണം ആദരിച്ചുകൊണ്ടാണ് ഈ പുരസ്കാരം സമ്മാനിച്ചത്.
അവാർഡ് സമ്മാനിക്കുന്ന ചടങ്ങിൽ, ഗ്രാൻഡ് നൈറ്റ്- എമറ്റ് ഹാൻരഹാൻ , ഫ്രാൻസിസിന്റെ വിനയം, കാരുണ്യം, ലാക്കോംബ് ജനങ്ങളോടുള്ള അടുപ്പം എന്നിവയെയും പ്രശംസിച്ചു സംസാരിച്ചു. മറ്റുള്ളവരോടുള്ള സഹായമനസ്കതയും , സാഹോദര്യവും, സാമൂഹ്യ സേവനത്തിനുള്ള പ്രതിബദ്ധതയും ഫ്രാൻസിസ് ജോസഫിനെ മികച്ച മനുഷ്യ സ്നേഹിയാക്കുന്നെന്നും, ഇതുകൊണ്ടൊക്കെ കൂടിയാണ് ഇദേഹത്തിനെ,ഈ അവാർഡിന് അർഹനാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നൈറ്റ്സ് ഓഫ് കൊളംബസിലെ സംഭാവനകൾക്കു പുറമേ, ഫ്രാൻസിസ്, ലാക്കോംബ് ആക്ഷൻ ഗ്രൂപ്പിലെ സൂപ്പർവൈസർ കൂടിയാണ്. സെൻട്രൽ അൽബെർട്ടയിലെ പ്രമുഖ ഏജൻസികളിലൊന്നായ ഇത്, ഓട്ടിസം, ഡൗൺ സിൻഡ്രോം എന്നിവ ഉൾപ്പെടെയുള്ള വികസന വൈകല്യമുള്ള വ്യക്തികളെ കണ്ടെത്തി അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നു. സഹായത്തിനായി എത്തുന്ന ക്ലയന്റുകളോട് സഹാനുഭൂതി, ക്ഷമ, കരുണ എന്നിവയോടെ പ്രവർത്തിക്കുന്ന ഫ്രാൻസിസിന്റെ സമീപനം സമൂഹത്തെയും, ഏജൻസി നേതൃത്ത്വത്തെയും ഒരുപോലെ ആകർഷിച്ചിരിക്കുന്നു.
ഫ്രാൻസിസ് ജോസഫ്, കാഞ്ഞിരപ്പുഴ, പരേതരായ ജോസഫ് കന്നുംകുളമ്പിലിന്റെയും ഏലിക്കുട്ടി ജോസഫിന്റെയും മകനാണ്. ഭാര്യ ജിനു ഫ്രാൻസിസ്, ആൽബെർട്ട ഗവൺമെന്റിൽ മെന്റൽ ഹെൽത്ത് തെറാപ്പിസ്റ്റ് ആയി സേവനമനുഷ്ഠിക്കുന്നു. മക്കൾ ജുവാൻ, ജേക്ക്, ജാനിസ്, ജിയന്ന എന്നിവർ കാനഡയിൽ പഠിക്കുന്നു.
ഫ്രാൻസിസിന്റെ സഹോദരനായ ഫാ. ജോസ് കുളമ്പിൽ, ഫ്രാൻസിസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനവും, മാർഗദർശകനുമാണ്.