ഫോറന്‍സിക് പോരായ്മ; ജീവനൊടുക്കിയ എ.പി.പി അനീഷ്യയുടെ ഐഫോണ്‍ ഗുജറാത്തിലേക്ക്

ഇതിന്റെ ചെലവുകൾക്കായി സർക്കാർ 19,004 രൂപ അനുവദിക്കുകയും ചെയ്തിരിക്കുകയാണ്.

Aug 19, 2025 - 13:57
Aug 19, 2025 - 19:05
 0
ഫോറന്‍സിക് പോരായ്മ; ജീവനൊടുക്കിയ എ.പി.പി അനീഷ്യയുടെ ഐഫോണ്‍ ഗുജറാത്തിലേക്ക്

തിരുവനന്തപുരം: കൊല്ലം പരവൂരിൽ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങും എത്താതെ നിൽക്കുകയാണ്. ഇതുവരെയും ഫോറൻസിക് വിദഗ്ധർക്ക് അനീഷ്യയുടെ ഐഫോൺ തുറക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഇന്ന്  പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്.

തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (എഫ്.എസ്.എൽ) ഐഫോണിന്റെ പാസ്സ്‌വേർഡ് ബൈപാസ് ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ ഇല്ലെന്നും ഇതേത്തുടർന്ന് ഗുജറാത്തിലെ നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി (എൻ.എഫ്.എസ്.യു) യുടെ സഹായം തേടാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച് എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

കേസിൽ നിർണായകമായ ഒരു വസ്തുവായ ലോക്ക് ചെയ്യപ്പെട്ട അവസ്ഥയിലുള്ള ഐഫോൺ വിശകലനത്തിനായി എൻ.എഫ്.എസ്.യു ലബോറട്ടറിയിലേക്ക് അയയ്ക്കാൻ സർക്കാർ ഉത്തവിട്ടു. ഇതിന്റെ ചെലവുകൾക്കായി ജി.എസ്.ടി ഉൾപ്പെടെ 19,004 രൂപ അനുവദിക്കുകയും ചെയ്തിരിക്കുകയാണ്.

കേസിൽ ഉന്നത സ്വഭാവം ഉണ്ടായിരുന്നിട്ടും, വിപുലമായ സ്മാർട്ട്‌ഫോൺ ഫോറൻസിക് കൈകാര്യം ചെയ്യാൻ പ്രാദേശിക എഫ്.എസ്.എൽ സജ്ജമല്ലെന്നും, ഇത് പ്രധാന ഡിജിറ്റൽ തെളിവുകൾ പുറത്തു കൊണ്ടു വരുന്നതിൽ കൂടുതൽ കാലതാമസമുണ്ടാക്കുന്നുവെന്നും ഉത്തരവ് എടുത്തുകാണിക്കുന്നു.

പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ (44) 2024 ജനുവരി 21 നാണ് തന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരുടെ മാനസിക പീഡനം മൂലമാണ് താൻ ജീവിതം അവസാനിപ്പിക്കാൻ നിർബന്ധിതയായതെന്ന് അവരുടെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.

ആത്മഹത്യാ കുറിപ്പിന് പുറമേ, അന്വേഷണ ഉദ്യോഗസ്ഥർ അനീഷ്യയുടെ ഐഫോണും കണ്ടെടുത്തിരുന്നു. അതിൽ അവരുടെ ആരോപണങ്ങൾ ശരിവയ്ക്കുന്ന ശബ്ദ സന്ദേശങ്ങളും വിശദമായ ഡിജിറ്റൽ രേഖകളും അടങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

അതേസമയം കേരളത്തിലെ ഫോറൻസിക് ലാബിന് ഐഫോൺ അൺലോക്ക് ചെയ്യാൻ ആവശ്യമായ സാങ്കേതിക വിദ്യയില്ലെന്ന് അധികൃതർ സമ്മതിച്ചതോടെ അന്വേഷണം കൂടുതൽ താമസിക്കുകയായിരുന്നു. ഇതോടെ ഉപകരണം സംസ്ഥാനത്തിന് പുറത്തേക്ക് അയയ്ക്കണമെന്നും ഉള്ള അവസ്ഥയെത്തി.

ഡിജിറ്റൽ തെളിവുകൾ മിക്ക ആധുനിക അന്വേഷണങ്ങളുടെയും കേന്ദ്രബിന്ദുവായി മാറിയിരിക്കുന്ന സമയത്ത് കേരളത്തിന്റെ ഫോറൻസിക് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow