യേശുവായി വേഷമിട്ട് ട്രംപിന്‍റെ എഐ ചിത്രം; ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം ശക്തം; വിവാദ പോസ്റ്റ് ട്രംപ് നീക്കം ചെയ്തു
ആശുപത്രി കിടക്കയിൽ കിടക്കുന്ന രോഗിയെ സുഖപ്പെടുത്തുന്ന രൂപത്തിലാണ് ചിത്രത്തിൽ ട്രംപിനെ അവതരിപ്പിച്ചത്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വയം യേശുക്രിസ്തുവിനോട് ഉപമിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സഹായത്തോടെ നിർമ്മിച്ച ചിത്രം പങ്കുവെച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഈ വിവാദ ചിത്രം വിശ്വാസികളിൽ നിന്നും സ്വന്തം അനുയായികളിൽ നിന്നും കടുത്ത വിമർശനം നേരിട്ടതിനെത്തുടർന്ന് പിന്നീട് നീക്കം ചെയ്തു.
ആശുപത്രി കിടക്കയിൽ കിടക്കുന്ന രോഗിയെ സുഖപ്പെടുത്തുന്ന രൂപത്തിലാണ് ചിത്രത്തിൽ ട്രംപിനെ അവതരിപ്പിച്ചത്. ഇത് മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയർന്നത്.
വെള്ള വസ്ത്രം ധരിച്ച ട്രംപ് രോഗിയുടെ നെറ്റിയിൽ തിളങ്ങുന്ന കൈവെച്ച് സുഖപ്പെടുത്തുന്നതായാണ് ചിത്രത്തിലുള്ളത്. യേശുക്രിസ്തു അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന മതപരമായ പെയിന്റിങ്ങുകൾക്ക് സമാനമായ രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ സ്റ്റാച്യൂ ഓഫ് ലിബർട്ടിയും അമേരിക്കൻ പതാകയും യുദ്ധവിമാനങ്ങളും ഉൾപ്പെടുത്തിയിരുന്നു.
താനൊരു ഡോക്ടറുടെ വേഷത്തിലാണ് ചിത്രത്തിലുള്ളതെന്നും ആളുകളുടെ ജീവിതം മെച്ചപ്പെടുത്താനാണ് താൻ ശ്രമിക്കുന്നതെന്നുമാണ് ട്രംപ് ഇതിനെക്കുറിച്ച് പ്രതികരിച്ചത്. എന്നാൽ ചിത്രം ആളുകളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയതിനാലാണ് നീക്കം ചെയ്തതെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചു.
ദൈവത്തെ പരിഹസിക്കുന്ന ഇത്തരം ചിത്രങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ക്രൈസ്തവ ആക്ടിവിസ്റ്റ് ഷോൺ ഫ്യൂച്ച്, യാഥാസ്ഥിതിക ആക്ടിവിസ്റ്റ് റൈലി ഗെയിൻസ് എന്നിവർ പ്രതികരിച്ചു. ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വർക്കും ചിത്രത്തിനെതിരെ രംഗത്തെത്തി.
മുൻപും സോഷ്യൽ മീഡിയയിലെ ഇടപെടലുകളുടെ പേരിൽ ട്രംപ് പ്രതിരോധത്തിലായിട്ടുണ്ട്. ഫെബ്രുവരിയിൽ ബറാക് ഒബാമയ്ക്കും മിഷേൽ ഒബാമയ്ക്കും എതിരെ പങ്കുവെച്ച അധിക്ഷേപകരമായ വീഡിയോ പ്രതിഷേധത്തെത്തുടർന്ന് നീക്കം ചെയ്യേണ്ടി വന്നിരുന്നു.
What's Your Reaction?