'ഇറാനെ തിരിച്ചുപിടിക്കാനുള്ള അവസരം'; ഖമനയിയുടെ അന്ത്യം ലോകത്തിന് ലഭിച്ച നീതിയെന്ന് ട്രംപ്
അമേരിക്കയുടെ അതിനൂതനമായ ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഖമനയിക്കോ മറ്റ് നേതാക്കൾക്കോ സാധിച്ചില്ലെന്ന് ട്രംപ് വ്യക്തമാക്കി
വാഷിങ്ടൺ: കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്കെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖമനയി ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരിൽ ഒരാളാണെന്നും അദ്ദേഹത്തിന്റെ അന്ത്യം ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ലഭിച്ച നീതിയാണെന്നും ട്രംപ് പ്രസ്താവിച്ചു.
അമേരിക്കയുടെ അതിനൂതനമായ ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഖമനയിക്കോ മറ്റ് നേതാക്കൾക്കോ സാധിച്ചില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇസ്രയേലുമായി ചേർന്ന് നടത്തിയ ഈ നീക്കം ഇറാൻ ജനതയ്ക്ക് തങ്ങളുടെ രാജ്യം വീണ്ടെടുക്കാനുള്ള വലിയ അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ വിപ്ലവസേനയായ ഐആർജിസി (IRGC), പോലീസ് എന്നിവരിലെ പലരും ഇനി പോരാടാൻ ആഗ്രഹിക്കുന്നില്ലെന്ന് തനിക്കറിയാം. ഇപ്പോൾ പിൻവാങ്ങിയാൽ ഇളവ് ലഭിക്കുമെന്നും അല്ലാത്തപക്ഷം മരണം മാത്രമായിരിക്കും ഫലമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാനിയൻ ദേശസ്‌നേഹികളുമായി ഒത്തുചേർന്ന് പ്രവർത്തിക്കാൻ സൈന്യവും പോലീസും തയ്യാറാകണം. രാജ്യം തകർച്ചയുടെ വക്കിലായതിനാൽ ഈ പ്രക്രിയ ഉടൻ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖമനയി കൊല്ലപ്പെട്ടെങ്കിലും അമേരിക്കയുടെ ലക്ഷ്യം പൂർത്തിയാകുന്നത് വരെ നിർണ്ണായക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള കനത്ത ബോംബാക്രമണം ഈ ആഴ്ചയിലുടനീളം തടസ്സമില്ലാതെ തുടരുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
മധ്യേഷ്യയിലും ലോകമെമ്പാടും സമാധാനം സ്ഥാപിക്കുക എന്നതാണ് തങ്ങളുടെ അന്തിമ ലക്ഷ്യമെന്ന് ട്രംപ് ആവർത്തിച്ചു. ഖമനയിയുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും അന്ത്യം ഇതിലേക്കുള്ള വലിയ ചുവടുവെപ്പാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
What's Your Reaction?