ഡാർജിലിങില്‍ കനത്ത മഴയും മണ്ണിടിച്ചിലും; 17 പേര്‍ മരിച്ചു
സർസാലി, ജാസ്ബിർഗാവ്, മിരിക് ബസ്തി, ധാർ ഗാവ് (മേച്ചി), മിരിക് എന്നീ പ്രദേശങ്ങളിലാണ് കനത്ത നാശം രേഖപ്പെടുത്തിയത്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാർജിലിങ് മേഖലയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും 17 പേർ മരിച്ചതായി റിപ്പോർട്ട്. ഉരുൾപൊട്ടലിനെ തുടർന്ന് നിരവധി റോഡുകളും പാലങ്ങളും തകർന്നു, പലയിടത്തും കനത്ത നാശനഷ്ടമുണ്ടായി.
സർസാലി, ജാസ്ബിർഗാവ്, മിരിക് ബസ്തി, ധാർ ഗാവ് (മേച്ചി), മിരിക് എന്നീ പ്രദേശങ്ങളിലാണ് കനത്ത നാശം രേഖപ്പെടുത്തിയത്. മിരിക്കിനെയും കുർസിയോങ്ങിനെയും ബന്ധിപ്പിക്കുന്ന ദുഡിയ ഇരുമ്പ് പാലം തകർന്നു. ഇത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കി. ധാർ ഗാവോണില്‍ ഇവിടെ നിരവധി വീടുകൾ മണ്ണിനടിയിലായി. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും നാല് പേരെ എൻഡിആർഎഫ് (NDRF) സംഘം രക്ഷപ്പെടുത്തി.
ഉരുൾപൊട്ടലിനെ തുടർന്ന് ഹിമാലയൻ സംസ്ഥാനമായ സിക്കിമിലേക്കുള്ള ഗതാഗതവും താറുമാറായി. സ്ഥിതിഗതികൾ അപകടകരമാണെന്ന് ബംഗാൾ വികസനകാര്യമന്ത്രി ഉദയൻ ഗുഹ പറഞ്ഞു.
മിരിക്കിൽ 11 പേരും ഡാർജിലിങ്ങിൽ 6 പേരും മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകളെന്നും മന്ത്രി വ്യക്തമാക്കി.
ബംഗാളിലെ പ്രകൃതിദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മുഖ്യമന്ത്രി മമത ബാനർജി നാളെ (ഞായറാഴ്ച) ഡാർജിലിങ്ങിൽ സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ട്.
What's Your Reaction?






