വനിതാ ഏകദിന ലോകകപ്പ്; ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നിര്‍ത്തിവെച്ചു
പാറ്റകളുടെ ശല്യം രൂക്ഷമായതോടെ ഇരു ടീമുകളിലെയും താരങ്ങൾ ഗ്രൗണ്ട് വിടുകയായിരുന്നു

കൊളംബോ: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഗ്രൗണ്ടിലെ പാറ്റശല്യം കാരണം നിർത്തിവച്ചു. പാറ്റകളുടെ ശല്യം രൂക്ഷമായതോടെ ഇരു ടീമുകളിലെയും താരങ്ങൾ ഗ്രൗണ്ട് വിടുകയായിരുന്നു.
പ്രാണികളെ തുരത്താനായി സ്പ്രേ ഉപയോഗിച്ച് ഒന്നിലധികം തവണ ശ്രമിച്ചെങ്കിലും ശല്യം തുടർന്നതോടെയാണ് 20 മിനിറ്റോളം കളി നിർത്തിവെച്ചത്. പ്രാണികളെ തുരത്തിയ ശേഷം മത്സരം പുനരാരംഭിച്ചു, എന്നാൽ, ഇന്ത്യൻ ബാറ്റിങ്ങിനിടെ വീണ്ടും പ്രാണിശല്യം അനുഭവപ്പെട്ടു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 34 ഓവറുകൾ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെന്ന നിലയിലാണ്. നിലവിൽ ജെമീമ റോഡ്രിഗസും (27 പന്തിൽ 22), ദീപ്തി ശർമയുമാണ് (2) ക്രീസിൽ.
പ്രതിക റാവൽ (37 പന്തിൽ 31), സ്മൃതി മന്ഥന (32 പന്തിൽ 23), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (34 പന്തിൽ 19), ഹർലീൻ ഡിയോൾ (54 പന്തിൽ 38).
പ്രതികയും സ്മൃതി മന്ഥനയും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. 48-ൽ നിൽക്കെ ഫാതിമ സനയുടെ പന്തിൽ സ്മൃതി മന്ഥന എൽബിഡബ്ല്യു ആകുകയും പിന്നാലെ സാദിയ ഇക്ബാലിൻ്റെ പന്തിൽ പ്രതിക റാവൽ ബൗൾഡാവുകയും ചെയ്തു. ഹർലീൻ ഡിയോളും ഹർമൻപ്രീത് കൗറും ചേർന്ന് സ്കോർ 100 കടത്തി. ഹർമൻപ്രീത് (19) പുറത്തായതിന് ശേഷം റമീൻ ഷമാമിൻ്റെ പന്തിൽ നഷ്റ സന്ധു ക്യാച്ചെടുത്താണ് ഹർലീൻ ഡിയോളും മടങ്ങിയത്. ഇതിന് തൊട്ടുപിന്നാലെയാണ് കളി നിർത്തിവച്ചത്.
ടോസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സന ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസിന്റെ സമയത്ത് ക്യാപ്റ്റന്മാർ ഹസ്തദാനം ചെയ്തില്ല. ഇരു ടീമുകളിലും ഒരു മാറ്റം വീതം വരുത്തിയിട്ടുണ്ട്. ഇന്ത്യ അമൻജ്യോത് കൗറിനു പകരം രേണുക ഠാക്കൂറിനെയും പാകിസ്ഥാൻ ഒമൈമ സൊഹൈലിനു പകരം സദഫ് ഷംസിനെയും ഉള്‍പ്പെടുത്തി.
ഇന്ത്യൻ പ്ലേയിങ് ഇലവൻ: പ്രതിക റാവൽ, സ്മൃതി മന്ഥന, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമിമ റോഡ്രിഗ്സ്, ദീപ്തി ശർമ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), സ്നേഹ റാണ, രേണുക സിങ് ഠാക്കൂർ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.
What's Your Reaction?






