മകള്‍ക്ക് പെരുന്നാള്‍ വസ്ത്രവുമായി വരാമെന്ന് ഉറപ്പുനല്‍കി, യാസിര്‍ എത്തിയത് ആയുധവുമായി

തിരിച്ച് വീട്ടിലേക്ക് ചെന്നില്ലെങ്കിൽ യാസിർ കൊല്ലുമെന്ന് നേരത്തേ ഭീഷണി മുഴക്കിയിരുന്നു. 

Mar 19, 2025 - 11:04
Mar 19, 2025 - 11:04
 0  17
മകള്‍ക്ക് പെരുന്നാള്‍ വസ്ത്രവുമായി വരാമെന്ന് ഉറപ്പുനല്‍കി, യാസിര്‍ എത്തിയത് ആയുധവുമായി

താമരശ്ശേരി: മൂന്നുവയസുകാരി മകൾ സെന്നുവിന്‍റെ കണ്‍മുന്നില്‍ വെച്ചാണ് അമ്മ ഷിബിലയെ (23) പിതാവ് വെട്ടിക്കൊന്നത്. പെരുന്നാൾ വസ്ത്രവുമായി വരാമെന്നു പറഞ്ഞുപോയ യാസിർ പിന്നീട് തിരിച്ചെത്തിയത് ആയുധവുമായാണ്. 2020ലാണ് ഷിബിലയും യാസിറും വിവാഹിതരായത്. ഇതിനുശേഷം അടിവാരത്തെ വാടകവീട്ടിലായിരുന്നു താമസം. മൂന്നുമാസം മുൻപാണ് ഷിബില ഈങ്ങാപ്പുഴ കക്കാട്ടെ സ്വന്തം വീട്ടിലേക്കു വന്നത്. ലഹരിക്കടിമയായ യാസിറിന്‍റെ ആക്രമണമാണ് കൊലപാതകത്തിന് കാരണം. തിരിച്ച് വീട്ടിലേക്ക് ചെന്നില്ലെങ്കിൽ യാസിർ കൊല്ലുമെന്ന് നേരത്തേ ഭീഷണി മുഴക്കിയിരുന്നു. 

ഇന്നലെ (മാര്‍ച്ച് 18) രാത്രി 7.10ന് കാറിലാണ് യാസിർ ഷിബിലയുടെ വീട്ടിലെത്തിയത്. തിരിച്ചുപോകാൻ പാകത്തിൽ കാർ നിർത്തിയാണ് വീട്ടിലേക്ക് യാസിർ കയറിയത്. തുടർന്ന്, ഷിബിലയെ വെട്ടുകയായിരുന്നു. ഇത് തടയാൻ വന്നപ്പോഴാണ് ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ (48), മാതാവ് ഹസീന (44) എന്നിവർക്കും വെട്ടേറ്റത്. ഇതിൽ അബ്ദുറഹ്മാന്‍റെ പരുക്ക് ഗുരുതരമാണ്.  

ആംബുലൻസിൽ ആദ്യം സ്വകാര്യാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു. ഷിബില സംഭവസ്ഥലത്തു തന്നെ മരിച്ചു. ഷിബില – യാസിർ ദമ്പതികളുടെ കുടുംബ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരത്തിന് ഇന്നോ നാളെയോ മധ്യസ്ഥശ്രമം നടക്കാനിരിക്കെയാണ് കൊലപാതകം നടന്നത്.

കഴിഞ്ഞമാസം 18ന് ലഹരിയിൽ സ്വന്തം മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ആഷിഖിന്റെ സുഹൃത്താണ് ഇന്നലെ ഭാര്യയെ വെട്ടിക്കൊന്ന യാസിർ എന്നാണ് പുറത്തുവരുന്ന വിവരം. താമരശ്ശേരിയിലായിരുന്നു ആ കൊലപാതകവും. പോലീസ് ഇതും അന്വേഷിക്കുന്നുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow