'കയ്യിൽ മുറിവുണ്ടോ എന്ന് ഡോക്ടർമാർ പരിശോധിച്ചില്ല, എല്ല് പൊട്ടി പുറത്തുവന്നിരുന്നു'; അമ്മ പ്രസീത
സെപ്തംബർ 24ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച് എക്‌സ്-റേ എടുത്തിരുന്നു

പാലക്കാട്: പാലക്കാട് ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ, ഡോക്ടർമാർക്കെതിരെ ഗുരുതരമായ ആരോപണവുമായി കുട്ടിയുടെ അമ്മ പ്രസീത രംഗത്തെത്തി. എന്നാൽ, ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
സെപ്തംബർ 24ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച് എക്‌സ്-റേ എടുത്തിരുന്നു. എന്നാൽ, കൈയിൽ മുറിവുണ്ടോ എന്ന് ഡോക്ടർമാർ പരിശോധിച്ചില്ല. അഞ്ച് ദിവസം കഴിഞ്ഞു വരാനാണ് ഡോക്ടർമാർ പറഞ്ഞത്.
സെപ്തംബർ 30-ന് രാവിലെ കുട്ടിയുടെ കൈയുടെ അവസ്ഥ ഗുരുതരമായി. എല്ല് പൊട്ടി പുറത്തുവന്നിരുന്നെന്നും പ്രസീത പറഞ്ഞു. പാലക്കാട് ഡി.എം.ഒ (DMO) നിയോഗിച്ച രണ്ട് ഡോക്ടർമാർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഡോക്ടർമാരെ പിന്തുണയ്ക്കുന്നതാണ്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
സെപ്തംബർ 30-ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൈയിലെ രക്തയോട്ടം നിലച്ചിരുന്നു. ജില്ലാ ആശുപത്രിയിൽ ഉടൻതന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ കോഴിക്കോടേക്ക് മാറ്റുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കി ഡി.എം.ഒയ്ക്ക് കൈമാറിയത്.
സംഭവത്തിൽ കെ.ജി.എം.ഒഎയും (KGMOA) ഡോക്ടർമാർക്ക് പിന്തുണയുമായി രംഗത്തെത്തി. കുട്ടിയ്ക്ക് പരമാവധി ചികിത്സ നൽകിയിരുന്നെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി. കൈ മുറിച്ചുമാറ്റേണ്ടി വന്നത് അപൂർവമായി സംഭവിക്കുന്ന ചികിത്സാ സങ്കീർണത (complication) മൂലമാണെന്നും സംഘടന വിശദീകരിക്കുന്നു.
What's Your Reaction?






