ഇന്ത്യന്‍ വനിതയുടെ വധശിക്ഷ നടപ്പാക്കി യു.എ.ഇ.; ഷഹ്സാദിയുടെ മൃതദേഹം നാട്ടിലെത്തിക്കും

Mar 4, 2025 - 08:10
Mar 4, 2025 - 08:14
 0  8
ഇന്ത്യന്‍ വനിതയുടെ വധശിക്ഷ നടപ്പാക്കി യു.എ.ഇ.; ഷഹ്സാദിയുടെ മൃതദേഹം നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതയുടെ വധശിക്ഷ നടപ്പാക്കി യു.എ.ഇ. കുഞ്ഞ് മരിച്ചെന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച് തടവില്‍ കഴിയുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി (33) ഖാന്‍റെ വധശിക്ഷയാണ് നടപ്പാക്കിയത്. ഫെബ്രുവരി 15 ന് 33കാരിയുടെ വധശിക്ഷ നടപ്പാക്കിയെന്ന വിവരം ഫെബ്രുവരി 28 ന് യുഎഇയില്‍നിന്ന് ലഭിച്ചതായി വിദേശകാര്യമന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. സംസ്കാര ചടങ്ങുകള്‍ മാര്‍ച്ച് അഞ്ചിന് നടക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.  

മകളുടെ അവസ്ഥ അറിയാൻ ഷഹ്സാദിയുടെ പിതാവ് ഷാബിര്‍ ഖാന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് വധശിക്ഷ വിവരം പുറത്തുവന്നത്. വര്‍ഷങ്ങളായി യുഎഇയിലെ അല്‍ വത്ബ ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു ഷഹ്സാദി.  

ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ ഗൊയ്‌റ മുഗ്ലി ഗ്രാമത്തിൽ നിന്നുള്ള ഷഹ്സാദി ഖാന്‍ 2021 ലാണ് അബുദാബിയിലെത്തുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഉസൈറുമായുള്ള ബന്ധത്തിലൂടെയാണ് വിദേശത്തേക്ക് കടന്നത്. കുട്ടിക്കാലത്തുണ്ടായ ഗുരുതരമായ പൊള്ളലിന് വൈദ്യചികിത്സ ഉൾപ്പെടെ മികച്ച ഭാവിയാണ് മകള്‍ക്ക് ഉസൈര്‍ വാഗ്ദാനം ചെയ്തതെന്ന് പിതാവ് ഷബീർ ഖാൻ പറഞ്ഞു. 2021 നവംബറില്‍ അബുദാബിയിലെത്തിയ മകളുടെ വിസ ആറു മാസത്തേക്കായിരുന്നു. ഉസൈര്‍ തന്റെ ബന്ധുവായ ഫായിസ് – നാദിയ ദമ്പതികള്‍ക്ക് ജോലിക്കാരിയായി ഷഹ്സാദിയെ വില്‍ക്കുകയായിരുന്നെന്നും പിതാവ് പറഞ്ഞു. 

ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞിന്‍റെ പരിപാലനമായിരുന്നു ഷഹ്സാദിയുടെ ജോലി. 2022 ഫെബ്രുവരിയിലാണ് ഷഹ്സാദി പരിചരിക്കുന്ന കുഞ്ഞ് മരിച്ചത്. ഇതോടെ ഷഹാസാദിയാണ് കുഞ്ഞിന്‍റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. അന്വേഷണം നടക്കുകയും ഷഹ്സാദിയെ അറസ്റ്റ് ചെയ്യുകയും അബുദാബി കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു. എന്നാല്‍, കുട്ടിയുടെ മരണം കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നാണെന്ന് ഷഹ്‌സാദിയും പിതാവും വാദിച്ചു. ഇവർ മാതാവുന്ദി പോലീസ് സ്റ്റേഷനിൽ 2024 ജൂലൈ 15ന് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow