കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17 വിദ്യാർഥികൾക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം
വിദ്യാർഥിയായ ക്രിസ്റ്റോ പോൾ, അസിസ്റ്റന്റ് പ്രൊഫസർ നോയൽ വിൽസൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്
തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളം യെദുക്കാടിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർഥികൾക്ക് പരിക്കേറ്റു. തൃശ്ശൂർ കൊടകര എം.ബി.എ കോളേജിൽ നിന്നും പഠനയാത്രയ്ക്ക് എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
വിദ്യാർഥിയായ ക്രിസ്റ്റോ പോൾ, അസിസ്റ്റന്റ് പ്രൊഫസർ നോയൽ വിൽസൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
42 വിദ്യാർഥികളും മൂന്ന് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസ്സിലുണ്ടായിരുന്നത്. മറ്റു വിദ്യാർത്ഥികളുടെ പരിക്ക് സാരമുള്ളതല്ല.ദേശീയപാതയിൽ ബൈപ്പാസ് നിർമ്മാണം നടക്കുന്നതിനാൽ സർവീസ് റോഡ് വഴിയാണ് ബസ് വന്നത്. മഴയും നിർമ്മാണ പ്രവർത്തനങ്ങളും കാരണം കുഴഞ്ഞ മണ്ണിൽ ബസ്സിന്റെ ചക്രങ്ങൾ പുതഞ്ഞുപോകുകയും തുടർന്ന് ബസ് നിയന്ത്രണം വിട്ട് വശത്തേക്ക് മറിയുകയുമായിരുന്നു. നാട്ടുകാരും പോലീസും ചേർന്നാണ് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയത്. ബസ് റോഡരികിലേക്ക് ചരിഞ്ഞതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്.
What's Your Reaction?