പമ്പയിലെ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്; മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വെച്ച് കെട്ടി

സംഭവത്തിൽ പത്തനംതിട്ട ഡി.എം.ഒ-യ്ക്കാണ് ഇവർ പരാതി നൽകിയത്

Jan 17, 2026 - 10:58
Jan 17, 2026 - 10:58
 0
പമ്പയിലെ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്; മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വെച്ച് കെട്ടി

പത്തനംതിട്ട: ശബരിമല പമ്പയിലെ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തീർത്ഥാടകയോട് അധികൃതർ ഗുരുതര അനാസ്ഥ കാണിച്ചതായി പരാതി. കാലിലെ മുറിവ് ഡ്രസ്സ് ചെയ്യുന്നതിനിടെ സർജിക്കൽ ബ്ലേഡ് അകത്തുവെച്ച് ബാൻഡേജ് ചെയ്തെന്നാണ് നെടുമ്പാശ്ശേരി സ്വദേശിനിയായ പ്രീത പരാതിപ്പെട്ടത്. സംഭവത്തിൽ പത്തനംതിട്ട ഡി.എം.ഒ-യ്ക്കാണ് ഇവർ പരാതി നൽകിയത്.

പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം പദയാത്രയായാണ് പ്രീത പമ്പയിലെത്തിയത്. കാലിലെ മുറിവ് കാരണം പമ്പയിലെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മുറിവ് ഡ്രസ്സ് ചെയ്യാൻ ഡോക്ടർ ഏൽപ്പിച്ച സഹായിയുടെ പെരുമാറ്റത്തിൽ പ്രീതയ്ക്ക് അസ്വാഭാവികത തോന്നിയിരുന്നു. നഴ്സിംഗ് അസിസ്റ്റന്റാണെന്ന് പരിചയപ്പെടുത്തിയ ഇയാൾ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് തൊലി മുറിക്കാൻ ശ്രമിച്ചത് പ്രീത തടയുകയും ബാൻഡേജ് മാത്രം മതിയെന്ന് അറിയിക്കുകയും ചെയ്തു.

പിന്നീട് വീട്ടിലെത്തി മുറിവ് തുറന്ന് നോക്കിയപ്പോഴാണ് ബാൻഡേജിനുള്ളിൽ സർജിക്കൽ ബ്ലേഡ് ഇരിക്കുന്നത് കണ്ടത്. പരിചയക്കുറവുള്ള ജീവനക്കാരെ ഇത്തരം ജോലികൾ ഏൽപ്പിക്കുന്നതാണ് ഇത്രയും വലിയ അനാസ്ഥയ്ക്ക് കാരണമായതെന്ന് ഇവർ ആരോപിക്കുന്നു. തീർത്ഥാടകർക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നു എന്ന് അധികൃതർ അവകാശപ്പെടുമ്പോഴാണ് ഇത്തരമൊരു സംഭവം പുറത്തുവരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് പ്രീതയുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow