പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് കാണാതായ സ്വർണം തിരിച്ചുകിട്ടി
സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണദണ്ഡുകളിലൊന്നാണ് കാണാതെപോയത്.

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് കാണാതായ സ്വർണം തിരിച്ചുകിട്ടി. ക്ഷേത്രവളപ്പിലെ മണൽപരപ്പിൽനിന്നാണ് സ്വർണം തിരിച്ചുകിട്ടിയത്. ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ വാതിൽ സ്വർണം പൂശാൻ പുറത്തെടുത്തിരുന്നു. ഇതില്‍ 13 പവനിലധികം (107 ഗ്രാം) സ്വർണം കാണാതായിരുന്നു. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണദണ്ഡുകളിലൊന്നാണ് കാണാതെപോയത്. സ്ട്രോങ് റൂമിൽ സൂക്ഷിച്ച സ്വർണം എങ്ങനെ മണലിലെത്തിയെന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹ പ്രതിഷ്ഠ നടത്തിയിട്ടുള്ള ശ്രീകോവിലിന്റെ പ്രധാന വാതിൽ സ്വർണം പൂശുന്നത് ഏതാനും മാസങ്ങളായി തുടരുകയാണ്. ഇതിനായി സ്ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള സ്വർണം പുറത്തെടുക്കുകയും ഓരോ ദിവസത്തെയും പണികൾ കഴിഞ്ഞശേഷം തിരികെ സ്ട്രോങ് റൂമിൽ സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്. സുരക്ഷാ ചുമതലയുള്ള പോലീസിന്റെയും ക്ഷേത്രത്തിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിലാണ് സ്വർണം എടുക്കുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത്.
What's Your Reaction?






